print edition സോഷ്യലിസ്റ്റ്, ട്രംപിന്റെ കണ്ണിലെ കരട്; ന്യൂയോർക്കിന്റെ നഗരപിതാവാകാൻ മംദാനിക്ക് മുൻതൂക്കം

സൊഹ്‌റാൻ മംദാനി | Image: X/Zohran Kwame Mamdani
ന്യൂയോർക്ക്: അമേരിക്കയിൽ ചൊവ്വാഴ്ച സംസ്ഥാന, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ന്യൂയോർക്ക് മേയർസ്ഥാനത്തേക്ക് ഇന്ത്യൻ വംശജനും സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന ഡെമോക്രാറ്റിക് പാർടി നേതാവുമായ സൊഹ്‌റാൻ മംദാനിക്ക് മുൻതൂക്കം. ന്യൂയോർക്ക് സ്‌റ്റേറ്റ് അസംബ്ലി അംഗമായ 34കാരൻ, രാഷ്ട്രീയത്തിലേക്ക് പുനഃപ്രവേശം തേടുന്ന മുൻ മേയർ ആൻഡ്രൂ കുമോയെയാണ് നേരിടുന്നത്.
കുമോ സ്വതന്ത്രനായി മത്സരിക്കുന്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി കർട്ടിസ് സ്ലിവ മത്സരിക്കുന്നു. നിലവിലെ മേയർ എറിക് ആഡംസ് മത്സരിക്കുന്നില്ല.
ഗാസയിലെ വംശഹത്യക്ക് സഹായം നൽകുന്നതിനെ തുറന്നെതിർക്കുകയും ന്യൂയോർക്കിൽ എത്തിയാൽ യുദ്ധക്കുറ്റവാളിയായ ബെന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മംദാദി ഡോണൾഡ് ട്രംപിന്റെ കണ്ണിലെ കരടാണ്. ഡെമോക്രാറ്റ് ശക്തികേന്ദ്രമായ ന്യൂയോർക്കിൽ ഒരു അട്ടിമറിക്കും സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ സംവിധായിക മീരാ നായരുടെയും ഇന്ത്യയിൽ വേരുകളുള്ള ഉഗാണ്ടൻ എഴുത്തുകാരൻ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ. മുൻ പ്രസിന്റ് ബറാക് ഒബാമ ഫോണിൽ വിളിച്ച് സൊഹ്‌റാന് പിന്തുണ അറിയിച്ചു. ജയിച്ചാൽ ഉപദേശകനാകാൻ താൻ തയ്യാറാണെന്നും ഒബാമ അറിയിച്ചു.









0 comments