ad
Deshabhimani

സ്കൂളിന് നേരെയുള്ള ആക്രമണം ആസൂത്രിതം; അമേരിക്കയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയിൽ ഇറാൻ

Tehran.jpg
വെബ് ഡെസ്ക്

Published on Mar 28, 2026, 11:10 AM | 1 min read

ജനീവ: ഇറാനിലെ സ്കൂളിന് നേരെ അമേരിക്ക നടത്തിയ മിസൈൽ ആക്രമണം ബോധപൂർവ്വമാണെന്നും ഇത് യുദ്ധക്കുറ്റമാണെന്നും ഇറാൻ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ നടന്ന അടിയന്തര ചർച്ചയിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.


ഫെബ്രുവരി 28-ന് മിനാബിലെ ഗേൾസ് പ്രൈമറി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 175 വിദ്യാർത്ഥികളും അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ ഈ ആക്രമണം 'ലക്ഷ്യം തെറ്റിയതാണ്' എന്ന് വിശ്വസിക്കാനാകില്ലെന്ന് അരാഗ്ചി പറഞ്ഞു.


ഇത് ആസൂത്രിതമായ നരഹത്യയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂളിന് സമീപമുള്ള ഇറാനിയൻ സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് തൊടുത്തുവിട്ട ടോമഹോക്ക് മിസൈൽ ലക്ഷ്യം തെറ്റി സ്കൂളിൽ പതിക്കുകയായിരുന്നു എന്നാണ് അമേരിക്കൻ സൈന്യത്തിന്റെ പ്രാഥമിക കണ്ടെത്തൽ. കാലഹരണപ്പെട്ട മാപ്പ് വിവരങ്ങൾ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്നായിരുന്നു വാദം.


ഇറാൻ തന്നെയാണ് സ്കൂൾ ആക്രമിച്ചതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യം ആരോപിച്ചിരുന്നു. എന്നാൽ ഇറാന്റെ കൈവശം ടോമഹോക്ക് മിസൈലുകൾ ഇല്ലെന്നിരിക്കെ ഈ പ്രസ്താവന വലിയ ചർച്ചകൾക്ക് ഇടയാക്കി. സ്കൂൾ ആക്രമണം അതിക്രൂരമാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുഎൻ മനുഷ്യാവകാശ മേധാവി പറഞ്ഞു.


ആക്രമണത്തെക്കുറിച്ച് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈന, ക്യൂബ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇറാൻ മനുഷ്യാവകാശ കൗൺസിലിൽ ഈ വിഷയം ഉന്നയിച്ചത്. മരിച്ച കുട്ടികളുടെ അമ്മമാരും വീഡിയോ കോൺഫറൻസിംഗിലൂടെ കൗൺസിലിനെ അഭിസംബോധന ചെയ്തു. പശ്ചിമേഷ്യൻ യുദ്ധം സിവിലിയന്മാരെ ബാധിക്കുന്നതിനെക്കുറിച്ച് കൗൺസിലിൽ വലിയ ആശങ്കയാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home