ആദ്യമായി മിസ് യൂണിവേഴ്‌സിൽ പലസ്‌തീൻ പ്രതിനിധി
വെസ്‌റ്റ് ബാങ്കിൽ ജൂതർക്കായി വീടുകൾ നിർമിക്കുമെന്ന് ഇസ്രയേൽ

ഗാസ സിറ്റി
അധിനിവേശ വെസ്‌റ്റ്‌ബാങ്കിൽ ജൂതർക്കായി മൂവായിരത്തിലധികം വീടുകൾ നിർമിക്കുമെന്ന് ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച്. ഇസ്രയേലിന്റെ സെറ്റിൽമെന്റ് പ്രൊജക്‌ട് പലസ്‌തീൻ രാഷ്‌ട്രം എന്ന ആശയത്തെ കുഴിച്ചുമൂടാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
23 പേർകൂടി കൊല്ലപ്പെട്ടു
ഇസ്രയേൽ ആക്രമണത്തിൽ വ്യാഴാഴ്‌ച ഗാസയിൽ 23 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ വിവിധ മേഖലകളിലാണ് ആക്രമണം. പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 106 കുട്ടികൾ ഉൾപ്പെടെ 139 ആയി ഉയർന്നു. 2023 ഒക്‌ടോബർ ഏഴ് മുതൽ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 61,776 ആയി.
ആദ്യമായി മിസ് യൂണിവേഴ്‌സിൽ പലസ്‌തീൻ പ്രതിനിധി
ഗാസയില്‍ ഇസ്രയേൽ ബോംബ് വര്‍ഷം തുടരുമ്പോള്‍ പലസ്തീന്റെ ശബ്ദം ലോകവേദിയിലെത്തിക്കാന്‍ മോഡല്‍ നദീൻ അയൂബ്. തായ്‌ലൻഡിൽ നടക്കുന്ന ‘മിസ് യൂണിവേഴ്‌സ്’ മത്സരത്തില്‍ നദീൻ അയൂബ് പലസ്‌തീനെ പ്രതിനിധീകരിക്കും. . ‘‘ കേവലമൊരു പേരിനുവേണ്ടിയല്ല ഞാൻ മിസ് യൂണിവേഴ്‌സ് വേദിയിലെത്തുന്നത്. മറിച്ച് ഒരു സത്യവുമായാണ്. ഗാസ ഹൃദയഭേദകമായ വേദന അനുഭവിക്കുമ്പോൾ, നിശബ്ദരാകാൻ വിസമതിക്കുന്ന ഒരു ജനതയെ ഞാൻ പ്രതിനിധികരിക്കുന്നു, ലോകം കാണേണ്ട കരുത്തുള്ള പലസ്‌തീനിലെ സ്‌ത്രീകളെയും കുട്ടികളെയും ഞാൻ പ്രതിനിധീകരിക്കുന്നു,’’ നദീൻ കുറിച്ചു. 2022ൽ മിസ് പലസ്‌തീനായി നദീനെ തെരഞ്ഞെടുത്തിരുന്നു. ആദ്യമായാണ് ‘മിസ് യൂണിവേഴ്‌സ്’ മത്സരത്തില്‍ പലസ്തീന്‍ പ്രതിനിധി പങ്കെടുക്കുന്നത്.









0 comments