ad
Deshabhimani

ലോകത്തിന് മുന്നിൽ ഇറാനെ ഭീഷണിയായി ചിത്രീകരിച്ചു, ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങിവെച്ചിട്ടില്ല; തുറന്ന കത്തുമായി ഇറാൻ പ്രസിഡന്റ്

Masoud Pezeshkian

മസൂദ് പെസഷ്ക്യാൻ

വെബ് ഡെസ്ക്

Published on Apr 02, 2026, 08:05 AM | 1 min read

ടെഹ്റാൻ: അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്ക്യാൻ. ഇറാനെ ലോകത്തിന് മുന്നിൽ ഒരു ഭീഷണിയായി ചിത്രീകരിക്കുന്നതിനെതിരെ പെസഷ്ക്യാൻ കത്തിൽ തുറന്നടിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തെ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പെസഷ്ക്യാന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാ​ഗരികതകളിലൊന്നാണ് ഇറാനെന്നും ആധുനിക കാലത്ത് രാജ്യം ഒരു യുദ്ധവും തുടങ്ങിവെച്ചിട്ടില്ലെന്നും മസൂദ് പെസഷ്ക്യാൻ പറ‍ഞ്ഞു.


കത്തിലെ പ്രസക്ത ഭാ​ഗങ്ങൾ


അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങൾക്കും കെട്ടിച്ചമച്ച കഥകൾക്കിടയിൽ സത്യം അന്വേഷിക്കുന്നവർക്കുമായാണ് എന്ന് പറഞ്ഞാണ് പെസഷ്ക്യാന്റെ കത്ത് തുടങ്ങുന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ നാ​ഗരികതകളിലൊന്നാണ് ഇറാൻ. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും ആധുനിക ചരിത്രത്തിൽ ഒരിക്കലും ആക്രമണത്തിന്റെയോ കൊളോണിയലിസത്തിന്റെയോ ആധിപത്യത്തിന്റെയോ പാത ഇറാൻ തിരഞ്ഞെടുത്തിട്ടില്ല. ഒരു യുദ്ധത്തിനും രാജ്യം തുടക്കമിട്ടിട്ടില്ല, എല്ലാം ആക്രമണങ്ങളെയും ശക്തമായി പ്രതിരോധിച്ചിട്ടുമുണ്ട്. ഇക്കാരണത്താൽ, ഇറാനെ ഒരു ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാർഥ്യത്തിന് നിരക്കുന്നതല്ല. അത്തരം ധാരണകൾ അധികാരമുള്ളവരുടെ രാഷ്ട്രീയ-സാമ്പത്തിക താൽപ്പര്യങ്ങളുടെ സൃഷ്ടിയാണ്. അക്രമങ്ങളെ ന്യായീകരിക്കാനും ആധിപത്യം നിലനിർത്താനും തന്ത്രപ്രധാന വിപണികളെ നിയന്ത്രിക്കാനും ഒരു ശത്രുവിനെ ഉണ്ടാക്കിയെടുക്കേണ്ടത് അവരുടെ ആവശ്യമാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ഭീഷണി നിലനിൽക്കുന്നില്ലെങ്കിൽ പോലും അവരത് ഉണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു, പെസഷ്ക്യാൻ കത്തിൽ കുറ്റപ്പെടുത്തി.


ഈ യുദ്ധത്തിലൂടെ യുഎസിലെ ഏത് പൗരന്റെ താൽപര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്നും പെസഷക്യാൻ ചോദിച്ചു. പലസ്തീൻ ജനതയ്ക്കെതിരായ കുറ്റകൃത്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായാണ് ഇറാനെതിരെ യുഎസ് നീങ്ങിയതെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.

ഇറാൻറെ ഭാഗത്തു നിന്ന് എന്ത് ഭീഷണിയുണ്ടായിട്ടാണ് ഈ യുദ്ധം തുടങ്ങിയത്? നിരപരാധികളായ കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ, മരുന്നു കമ്പനികളും ആശുപത്രികളും നശിപ്പിക്കുന്നതിലൂടെ എന്താണ് നേടുന്നത്? കരാറിലെത്താനുള്ള ചർച്ചകൾക്കിടെ യുഎസ് സർക്കാരാണ് ഏകപക്ഷീയമായി പിന്മാറി ആക്രമണം തുടങ്ങിയത്. ഇറാൻറെ ഊർജ്ജ വ്യവസായ മേഖലകൾക്ക് എതിരായ ആക്രണം ഇറാൻ ജനതയ്ക്കെതിരായ ആക്രമണമാണ്. അതോടെ ഇറാൻറെ അതിർത്തിയും കടന്ന് യുദ്ധം വ്യാപിച്ചു. ഇത് കരുത്തല്ലെന്നും പ്രശ്ന പരിഹാരത്തിലെത്താനുള്ള കഴിവില്ലായ്മയാണെന്നും പെസഷ്ക്യാൻ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home