ബി-2 ബോംബറുകളുടെ വീഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്

ന്യൂയോർക്ക്: ഇറാനെലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ബി-2 ബോംബറുകൾ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ് ഹോസ്. ഇറാനിലെ ഫോർദോ, നഥാൻസ്, എസ്ഫാൻ ആണവ നിലയങ്ങളിലാണ് ആക്രമണം നടത്തിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചത്.
ഇസ്രയേലിന് തകർക്കാൻ പറ്റാത്ത ആണവ നിലയമാണ് തെഹ്‌റാനിൽനിന്ന് 160 കിലോമീറ്റർ അകലെ ഫോർദൊയിൽ കൂറ്റൻ പർവതത്തിന് അടിയിൽ ഇറാൻ പണിതത്. ഭൗമോപരിതലത്തിൽനിന്ന് 80 മുതൽ 300 അടിവരെ താഴെയാണ് നിലയം. ഫോർദൊയെ തകർക്കാൻ തക്ക ശക്തമായ ആയുധങ്ങളൊന്നും ഇസ്രയേലിനില്ല. അതിനാലാണ് അവർ അമേരിക്കയെ രംഗത്തിറക്കിയത്. ഞായറാഴ്‌ചത്തെ അമേരിക്കൻ ആക്രമണത്തിൽ ഫോർദൊയുടെ പ്രവേശനകവാടത്തിന് സമീപം കേടുപാടുകളുണ്ടായതിന്റെ ഉപഗ്രഹചിത്രം പ്രചരിക്കുന്നുണ്ട്.
ഭൗമോപരിതലത്തിൽനിന്ന് തുരന്ന് ആഴങ്ങളിലേക്ക് പോയി സ്‍ഫോടനത്തിലൂടെ ലക്ഷ്യം ഭേദിക്കാൻ ശേഷിയുള്ള ബോംബുകളാണ് "ബങ്കർ ബസ്റ്ററു'കൾ. ആഴത്തിലുള്ളതും ബലപ്പെടുത്തിയതുമായ ബങ്കറുകളും തുരങ്കങ്ങളും ആക്രമിക്കാൻ ശേഷിയുള്ള ജിബിയു 57 എ/ബി മാസ്സീവ് ഓർഡനൻസ് പെനിറ്ററേറ്റർ ബോംബ് ആണ് അമേരിക്ക ഫോർദൊയിലും നതാൻസിലും പ്രയോഗിച്ചത്. 2011ൽ നിർമിച്ചശേഷം ഇതാദ്യമായാണ് ഇവ ഉപയോഗിക്കുന്നത്. 13600 കിലോ ഭാരമുണ്ട്. 2700 കിലോഗ്രാം സ്‌ഫോടകവാഹകശേഷിയുണ്ട്. 61 മീറ്റർ തുരന്നുപോയി സ്‌ഫോടനം നടത്താനാകും
ബി-2 സ്‍പിരിറ്റ് ബോംബർ
ജിബിയു 57 എ/ബി എംഒപി വഹിക്കാൻ ശേഷിയുള്ള ഏക വിമാനമാണ് ബി –-2 സ്‍പിരിറ്റ് സ്റ്റെൽത്ത് ബോംബർ. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 11,000 കിലോമീറ്റർ പറക്കാൻശേഷി. ആകാശത്തുനിന്ന് തന്നെ വീണ്ടും ഇന്ധനം നിറയ്‌ക്കാം. വീണ്ടും ഇന്ധനം നിറച്ചാൽ 18,500 കിലോമീറ്റർകൂടി പറക്കും.









0 comments