കുടിയേറ്റവിരുദ്ധ നയം തുടർന്ന് ട്രംപ്; വിസ അപേക്ഷകരുടെയടക്കം സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കും

photo credit: facebook
വാഷിങ്‌ടൺ: കുടിയേറ്റക്കാരുടെയും വിസ അപേക്ഷകരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുമെന്ന് ട്രംപ് സര്‍ക്കാര്‍.
രാജ്യത്തിനകത്ത് ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ ഈ നീക്കം. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേൽ 2023 ഒക്ടോബർ മുതൽ പലസ്തീനിൽ വംശഹത്യ നടത്തിവരികയാണ്. അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതു മുതൽ ഡോണാൾഡ് ട്രംപിന്റെ ഭരണകൂടം പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ തുടർച്ചയായാണ് സമൂഹമാധ്യമ വിലക്കും.
"ഇമിഗ്രേഷൻ ആനുകൂല്യ അഭ്യർഥനകൾ നിരസിക്കുന്നതിനുള്ള കാരണമായി വിദേശികളുടെ സോഷ്യൽ മീഡിയയിലെ ജൂത വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ന് മുതൽ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പരിഗണിക്കാൻ തുടങ്ങും," ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ ഏജൻസിയായ യുഎസ്‌സിഐഎസ് പ്രസ്താവനയിൽ പറഞ്ഞു. നിയമപരമായ സ്ഥിര താമസ പദവിക്ക് അപേക്ഷിക്കുന്നവരെയും, വിദേശ വിദ്യാർഥികളെയും ജൂത വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവരെയും ഈ നടപടി ബാധിക്കുമെന്ന് യുഎസ്‌സിഐഎസ് പറഞ്ഞു.
പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെത്തുടർന്ന് ഫെഡറൽ ഫണ്ടിങ് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് സർവകലാശാലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപനം അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും കുടിയേറ്റക്കാരെ നിരീക്ഷിക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനും തുല്യമാണെന്നും മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. ജൂതവിരുദ്ധതയുടെ മറവിൽ ട്രംപ് ഭരണകൂടം കുടിയേറ്റക്കാരെ വേട്ടയാടുകയാണെന്ന് മനുഷ്യാവകാശ വക്താക്കൾ ആശങ്കകൾ ഉന്നയിച്ചു.









0 comments