വിസ റദ്ദാക്കൽ, നാടുകടത്തൽ; ട്രംപിന്റെ നടപടികൾ ആർക്കുവേണ്ടി?

വാഷിങ്ടൺ: അധികാരത്തിലേറിയതിനു പിന്നാലെ നടപ്പിലാക്കി തുടങ്ങിയ ജനദ്രോഹ നടപടികൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടരുമ്പോൾ ഏറ്റവുമധികം പ്രതിസന്ധിയിലാകുന്ന വിഭാഗങ്ങളിലൊന്നാണ് വിദേശ വിദ്യാർഥികൾ. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി വിദ്യാർഥികളാണ് പഠനത്തിനായി യുഎസിൽ എത്തിയിട്ടുള്ളത്. സാമ്പത്തികമായടക്കം ഏറെ ചിലവുള്ളതാണ് അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തുന്നതെന്നിരിക്കെ വിസ റദ്ദാക്കുന്നതും നൽകാതിരിക്കുന്നതുമുൾപ്പെടെയുള്ള വിദ്യാർഥി വിരുദ്ധ നടപടികളിലൂടെ ട്രംപ് ഇല്ലാതെയാക്കുന്നത് ആയിരക്കണക്കിന് വിദ്യാർഥികളുടെ സ്വപ്നങ്ങൾ കൂടിയാണ്. അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കനു ജനങ്ങളെ പുറത്താക്കിയാണ് ട്രംപ് തന്റെ 'ഭരണ പരിഷ്കാരങ്ങൾ' ആരംഭിച്ചത്. അങ്ങേയറ്റം മനുഷ്യത്വ രഹിതമായാണ് ജനങ്ങളെ ട്രംപ് ഭരണകൂടം നാടുകടത്തിയത്. ഇതിനു പിന്നാലെയാണ് വിദ്യാർഥികൾക്കെതിരെ ട്രംപ് തിരിഞ്ഞത്.
കുടിയേറ്റക്കാർക്കും വിദേശ പൗരന്മാർക്കും എതിരായ ട്രംപിന്റെ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാർച്ച് മുതൽ 4,700-ലധികം അന്താരാഷ്ട്ര വിദ്യാർഥികളുടെ യുഎസിൽ പഠിക്കാനുള്ള അനുമതിയാണ് റദ്ദാക്കിയത്. യാതൊരു അറിയിപ്പോ വിശദീകരണമോ കൂടാതെയാണ് വിസ റദ്ദാക്കിയത്. ഇതോടെ മറ്റൊരു രാജ്യത്തേക്ക് നാടുകടത്തിയാലോ എന്ന് ഭയന്ന് നിരവധി വിദ്യാർഥികളാണ് യുഎസ് വിട്ടത്.
ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനും ട്രംപ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ട്രംപ് മുന്നോട്ടുവച്ച പല വിദ്യാർഥി വിരുദ്ധ നിർദേശങ്ങളും സർവകലാശാല തള്ളിയതിന്റെ പ്രതികാരമായായിരുന്നു നടപടി. നേരത്തെ സർവകലാശാലയ്ക്കുള്ള ചില സാമ്പത്തിക സഹായങ്ങളും ഫണ്ടുകളും ട്രംപ് മരവിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് വിദേശ വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ കാമ്പസുകളിൽ പ്രതിഷേധം അലയടിച്ചതോടെയായിരുന്നു ട്രംപ് സർവകലാശാലകൾക്ക് നേരെ തിരിഞ്ഞത്. വിദ്യാർഥി സംഘടനകളുടെ അധികാരം കുറയ്‌ക്കുക, പ്രതിഷേധം നടത്തുന്ന വിദ്യാർഥികളുടെ വിവരം സർക്കാരിന് കൈമാറുക, വൈവിധ്യവും ഉൾച്ചേർക്കലും ഉറപ്പാക്കാനുള്ള പദ്ധതികൾ ഉപേക്ഷിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കാത്ത സർവകലാശാലകൾക്ക് ഫെഡറൽ ധനസഹായം നിർത്തിവയ്‌ക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിന് പിന്നാലെ ഹാർവാർഡിനും കൊളംബിയ സർവകലാശാലയ്ക്കുമുള്ള ധനസഹായങ്ങളും നിർത്തലാക്കിയിരുന്നു.

വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് ഹാർവഡ് വ്യക്തമാക്കിയതോടെയാണ് ട്രംപ് സർക്കാർ ഹാർവാർഡിനെതിരെ തിരിഞ്ഞത്. ഹാർവാർഡിനുള്ള 230 കോടി ഡോളറിന്റെ ധനസഹായം ട്രംപ് സർക്കാർ മരവിപ്പിച്ചു. ഫെഡറൽ ഫണ്ടിൽനിന്ന് 100 കോടി ഡോളർ വെട്ടി. സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനത്തിൽ സർക്കാരിന് ഇടപെടാൻ അവകാശമില്ലെന്ന് കാണിച്ച് ഹാർവാർഡ് കോടതി കയറി. പിന്നാലെയാണ് ഹാർവാർഡിൽ വിദേശ വിദ്യാർഥികളെ എൻറോൾ ചെയ്യുന്നത് സർക്കാർ തടഞ്ഞത്. പ്രതിവർഷം നൂറിലധികം രാജ്യങ്ങളിൽനിന്നായി ശരാശരി 6,800 വിദ്യാർഥികളാണ് ഹാർവാർഡിൽ പഠിക്കാനെത്തുന്നത്. പ്രതിവർഷം 500 മുതൽ 800 വരെ ഇന്ത്യൻ വിദ്യാർഥികളും സ്കോളേഴ്സും ഹാർവാർഡിൽ പഠിക്കാനെത്തുന്നുണ്ട്.
സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം സർട്ടിഫിക്കേഷൻ വഴിയാണ് സർവകലാശാലയിൽ വിദേശ വിദ്യാർഥികൾ എത്തിയിരുന്നത്. എന്നാൽ ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനവും വിദേശ വിദ്യാർഥികളുടെ വിസ സ്റ്റാറ്റസ് നിർത്തലാക്കുന്നതും വിവിധ കോടതികൾ തടഞ്ഞത് ഇതിനിടയിൽ ചെറിയ ആശ്വാസമായി. പക്ഷേ വിസ അനുവദിക്കാത്തതടക്കമുള്ള നിരവധി നടപടികളാണ് വീണ്ടും ട്രംപ് തുടർന്നത്.
അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ മുന്നിട്ടു നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം അമേരിക്കൻ സർവകലാശാലകളിൽ 330,000-ത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് ചേർന്നത്. എന്നാൽ ഈ വർഷം സ്ഥിതി വളരെ വ്യത്യസ്തമാണ്. കഴിഞ്ഞയാഴ്ച ലോകമെമ്പാടുമുള്ള എല്ലാ യുഎസ് എംബസികളും എല്ലാ വിദ്യാർഥി വിസ അഭിമുഖങ്ങളും അനിശ്ചിതമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. ഇതോടെ വിദ്യാർഥികൾ യുകെയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ചേക്കേറാൻ ആരംഭിച്ചു. 2025ൽ യുഎസിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളിൽ 28% കുറവുണ്ടാകുമെന്ന് ദി ഹിന്ദു റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയിലെ വിവിധ ഐവി ലീഗ് യൂണിവേഴ്സിറ്റികളിൽ നിന്ന് മികച്ച സ്കോളർഷിപ്പുകളടക്കം ലഭിച്ച വിദ്യാർഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ഓറിയന്റേഷൻ ക്ലാസുകൾക്കായി തയാറെടുത്തിരുന്ന വിദ്യാർഥികൾക്ക് നിങ്ങളുടെ ആപ്ലിക്കേഷൻ ട്രംപ് ഭരണകൂടത്തിന്റെ പരിശോധനയിലാണെന്ന മറുപടിയാണ് ലഭിച്ചത്.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദ്യാർഥികൾ പ്രധാനമായും ശാസ്ത്ര, ഗവേഷണ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നതായും യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നതായുമുള്ള വിവരങ്ങൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്സ് മേഖലകളിൽ പഠനം നടത്തുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന വിദ്യാർഥികളിൽ ഉയർന്ന പങ്കും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളതാണ്. ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും യുഎസ് ഗവേഷണ ഡോക്ടറേറ്റുകൾ നേടുന്നതിലും ഇന്ത്യൻ- ചൈനീസ് വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്.
2023-ൽ, ചെനയിൽ നിന്നുള്ള 6,000 താൽക്കാലിക വിസ ഉടമകളും ഇന്ത്യയിൽ നിന്നുള്ള 2,583 പേരും യുഎസ് ഗവേഷണ ഡോക്ടറേറ്റുകൾ നേടി. 2023-ൽ യുഎസിൽ സയൻസ്, എഞ്ചിനീയറിംഗ് മേഖലകളിലും അനുബന്ധ മേഖലകളിലും ജോലി ചെയ്യുന്ന വിദേശികളിൽ ബിരുദധാരികളുടെ വലിയൊരു പങ്കും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമാണ്. യുഎസിൽ നിലവിലുള്ള സ്റ്റാർട്ടപ് കമ്പനികളിൽ ഏറിയ പങ്കിലും ഉടമകളായി മുൻകാലങ്ങളിൽ വിവിധ സർവകലാശാലകളിൽ പഠിക്കാനെത്തിയ വിദേശ വിദ്യാർഥികളുണ്ടെന്ന് ഇമിഗ്രന്റ് എന്റപ്രണേഴ്സ് ആൻഡ് യുഎസ് ബില്യൺ ഡോളർ കമ്പനീസ് എന്ന ഗവേഷണ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇത്രയൊക്കെ അവസരങ്ങളുണ്ടായിട്ടും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുൾപ്പെടെ സ്വാധീനിച്ചിട്ടും വിദേശ വിദ്യാർഥികളെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെയും പുറത്താക്കി പരമാധികാരം കാണിക്കുകയാണ് ട്രംപ്.









0 comments