യുഎസ് അടച്ചുപൂട്ടൽ; പ്രതിസന്ധി രൂക്ഷം; വിമാന സർവീസ് താളം തെറ്റി

വാഷിങ്‌ടൺ : അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വിമാന സർവീസുകളും താളംതെറ്റി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ് സർവീസുകൾ താറുമാറായത്. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെയാണ് എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചത്. 2282 വിമാനങ്ങൾ റദ്ദാക്കി. നിരവധി വിമാന സർവീസുകൾ വൈകി. സുരക്ഷമാനദണ്ഡങ്ങൾ ലഘൂകരിക്കാനാകാത്തതിനാൽ സർവീസുകൾ കുറയ്ക്കാൻ നിർബന്ധിതരാവുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
ഒക്‌ടോബർ ഒന്നിന് ആരംഭിച്ച ഭരണസ്‌തംഭനം ചൊവ്വാഴ്ച നിലവിലെ റെക്കോഡിനൊപ്പമെത്തി.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ 2018 ഡിസംബർ 22 മുതൽ 2019 ജനുവരി 25 വരെ 35 ദിവസം നീണ്ടുനിന്ന അടച്ചുപൂട്ടലാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയത്. ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകൾക്ക് പണമില്ലാത്ത അവസ്ഥയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയതോടെയാണ് ഭരണസ്‌തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്. അടച്ചുപൂട്ടൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ഫെഡറൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസഹായം ഉൾപ്പെടെയുള്ള ഫെഡറൽ സേവനങ്ങളും തടസപ്പെട്ടു.









0 comments