അടച്ചുപൂട്ടൽ തുടർന്ന് യുഎസ്; സർക്കാർ വകുപ്പുകൾ കൂട്ടപ്പിരിച്ചുവിടലിന്റെ വക്കിൽ

വാഷിഗ്ടൺ: യുഎസിൽ സർക്കാർ ചെലവുകൾക്കുള്ള ധനബിൽ പാസാക്കുന്നതിന് സംബന്ധിച്ചുള്ള തർക്കം തുടരുന്നതിനാൽ പ്രവർത്തനം നിലച്ച് സർക്കാർ വകുപ്പുകൾ. രണ്ടാം ദിവസവും അടച്ചുപൂട്ടൽ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ആവശ്യങ്ങൾക്കൊഴികെയുള്ള വകുപ്പുകളുടെയെല്ലാം പ്രവർത്തനം നിലച്ച അവസ്ഥയിലാണ്.
ലക്ഷക്കണക്കിന് ആളുകളുടെ ജോലി താത്കാലികമായി നിർത്തിവയ്ക്കുകയും നിരവധിപേർ ശമ്പളമില്ലാതെ ജോലിയിൽ തുടരാൻ നിർബന്ധിതരാകുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ ഏജൻസിയിലെ 89% ആളുകൾ പിരിച്ചുവിടൽ ഭീഷണി നെയിടുകയാണെന്നാണ് കണക്കുകൾ. വിദ്യാഭ്യാസ വകുപ്പില്‍ 87% ജീവനക്കാരെയും, വാണിജ്യ വകുപ്പില്‍ 81% ജീവനക്കാരെയും, തൊഴില്‍ വകുപ്പില്‍ 76% ജീവനക്കാരെയും ജോലിയില്‍ നിന്ന് താത്കാലികമായി മാറ്റിനിർത്തിയിട്ടുണ്ട്.
ഭവന, നഗരവികസന വകുപ്പിലെ 71% ജീവനക്കാർക്കാണ് ഷട്ട് ഡൗൺ കാരണം ജോലി നഷ്ടമായത്. പല മെഡിക്കൽ സേവനങ്ങളിലും ഷട്ട് ഡൗൺ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും മരുന്ന് വിതരണം തകരാറിലായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ആശുപത്രികളിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതും നിർത്തിയിട്ടുണ്ട്.
നിരവധി ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്ന സ്മാൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ പൂർണമായും പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. വാണിജ്യ വകുപ്പിന് കീഴിൽ വരുന്ന സെന്‍സസ് ബ്യൂറോയുടെ സര്‍വേകളും പ്രതിമാസ റിപ്പോര്‍ട്ടുകളും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഷട്ട് ഡൗൺ മൂലം സാധാരണക്കാരുടെയും ജീവനക്കാരുടെയും ജീവിതം വലയുമെന്ന കാര്യത്തിൽ സംശയമില്ല.









0 comments