ക്വാഡ് ഉച്ചകോടി; അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തും

മാർക്കോ റൂബിയോ | Photo Credit: KENT NISHIMURA / AFP
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധിയും തുടരുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കുന്നു. മെയ് അവസാന വാരം ന്യൂഡൽഹിയിൽ നടക്കുന്ന ക്വാഡ് (QUAD) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് റൂബിയോ എത്തുന്നത്. സന്ദർശന വേളയിൽ ഇന്ത്യയുമായി ഉഭയകക്ഷി ചർച്ചകളും റൂബിയോ നടത്തും.
ഇന്തോ - പസഫിക് മേഖലയിൽ ചൈനയെ പ്രതിരോധിക്കാനെന്ന പേരിൽ രൂപീകരിച്ച 'ക്വാഡ്' സഖ്യത്തെ കൂടുതൽ സജീവമാക്കാനാണ് അമേരിക്കയുടെ ശ്രമം. മെയ് അവസാന വാരം നടക്കുന്ന യോഗത്തിൽ ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും. മേഖലയിൽ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ - സുരക്ഷാ ചർച്ചകൾക്കാണ് യോഗം മുൻഗണന നൽകുന്നത്.
റൂബിയോയുടെ സന്ദർശന വേളയിൽ അത്യാധുനിക ആയുധ ഇടപാടുകളും സാങ്കേതിക കൈമാറ്റവും സംബന്ധിച്ച് ധാരണയുണ്ടാകാൻ സാധ്യതയുണ്ട്. തെക്കൻ ചൈന കടലിലെ സൈനിക വിന്യാസവും വ്യാപാര നിയന്ത്രണങ്ങളും ചർച്ചയാകും. പശ്ചിമേഷ്യയിൽ സംഘർഷം തുടരുമ്പോൾ ഇന്ത്യയുടെ നിലപാട് അനുകൂലമാക്കാൻ അമേരിക്ക ഈ സന്ദർശനം ഉപയോഗിക്കും.
സ്വതന്ത്രമായ വിദേശനയം പിന്തുടരുന്നതിന് പകരം അമേരിക്കയുടെ ജൂനിയർ പാർട്ണറായി മാറാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന വിമർശനം ശരിവെക്കുന്നതാണ് റൂബിയോയുടെ ഈ സന്ദർശനം. പശ്ചിമേഷ്യയിൽ അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുമ്പോഴാണ് റൂബിയോയുടെ ഇന്ത്യാ സന്ദർശനം. റഷ്യയുമായുള്ള ദീർഘകാല ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ അമേരിക്കയുമായി അടുക്കുന്നത് ഇന്ത്യയെ നയതന്ത്ര പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്.









0 comments