യുഎസ് ഉപരോധത്തിലും ക്യൂബക്ക് ഊർജം പകർന്ന് റഷ്യ; എണ്ണക്കപ്പൽ ഹവാനയിൽ

ഹവാന: ക്യൂബയിലേക്ക് ഒരു ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി എണ്ണ ടാങ്കർ എത്തിയിട്ടുണ്ടെന്ന് റഷ്യ. കമ്മ്യൂണിസ്റ്റ് ദ്വീപിൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂടുതൽ അവശ്യ വസ്തുക്കൾ നൽകി മോസ്കോ തങ്ങളുടെ സുഹൃത്തിനൊപ്പം നിൽക്കുമെന്നും റഷ്യ തിങ്കളാഴ്ച അറിയിച്ചു.
ജനുവരി മൂന്നിന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അട്ടിമറിച്ചതിന് ശേഷം വെനിസ്വേലയിൽ നിന്ന് ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി യുഎസ് നിർത്തിവച്ചിരുന്നു. ക്യൂബയിലേക്ക് മറ്റേതെങ്കിലും രാജ്യം ക്രൂഡ് ഓയിൽ അയച്ചാല്‍ ശിക്ഷയായി തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. എന്നാൽ യുഎസ് ഉപരോധത്തിന് പുല്ലുവില കൽപ്പിച്ച് ക്യൂബയ്ക്കായി റഷ്യ എണ്ണ എത്തിക്കുകയായിരുന്നു. അതേസമയം, താൻ ഗതി മാറ്റുകയാണെന്ന് പറഞ്ഞ ട്രംപ് ക്യൂബൻ ജനതയുടെ ഊർജ്ജ ആവശ്യത്തോട് സഹതാപം പ്രകടിപ്പിക്കുകയാണെന്നുമാണ് നിലവിലെ വിശദീകരണം.
എണ്ണ കപ്പലായ, അനറ്റോലി കൊളോഡ്കിൻ മറ്റാൻസാസ് തുറമുഖത്ത് ഇറക്കാൻ കാത്തിരിക്കുകയായിരുന്നുവെന്ന് റഷ്യയുടെ ഗതാഗത മന്ത്രാലയം അറിയിച്ചു. യുഎസുമായുള്ള ചർച്ചയ്ക്കിടെ ടാങ്കറിന്റെ പ്രശ്നം ഉന്നയിച്ചിരുന്നെങ്കിലും ക്യൂബയിലെ "സുഹൃത്തുക്കളെ" പിന്തുണയ്ക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് റഷ്യ കരുതുന്നുവെന്ന് ക്രെംലിൻ പറഞ്ഞു. ക്യൂബയ്ക്ക് മൂന്ന് മാസമായി എണ്ണ ടാങ്കർ ലഭിച്ചിട്ടില്ലെന്ന് പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ പറഞ്ഞു. ഊർജ്ജ പ്രതിസന്ധി രാജ്യത്തുടനീളം 10 ദശലക്ഷം വൈദ്യുതി തടസങ്ങൾക്ക് കാരണമായി. ഈ പ്രതിസന്ധി കാൻസർ രോഗികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ മരണ സാധ്യത വർധിപ്പിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.
1959 ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനുശേഷം രാജ്യം എണ്ണയ്ക്കായി സോവിയറ്റ് യൂണിയനെയായിരുന്നു ആശ്രയിച്ചിരുന്നത്. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഇറക്കുമതി ചെയ്യുന്ന ഇന്ധന എണ്ണയും ഡീസലും ആവശ്യമായിരുന്നു.കൂടുതൽ റഷ്യൻ കയറ്റുമതികൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, "ക്യൂബക്കാർ ഇപ്പോൾ നേരിടുന്ന നിരാശാജനകമായ സാഹചര്യത്തിൽ, തീർച്ചയായും ഞങ്ങൾ ഇതിൽ തുടർന്നും പ്രവർത്തിക്കുമെന്ന് പെസ്കോവ് പറഞ്ഞു.എൽഎസ്‌ഇജി കപ്പൽ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത് റഷ്യൻ ടാങ്കർ മാർച്ച് 8 ന് റഷ്യൻ ബാൾട്ടിക് കടൽ തുറമുഖമായ പ്രിമോർസ്കിൽ നിന്ന് പുറപ്പെട്ടുവെന്നും ഇപ്പോൾ ക്യൂബയുടെ വടക്കൻ തീരത്തുകൂടി നീങ്ങുകയായിരുന്നുവെന്നും ആണ്.
വെനസ്വേലയിൽ നിന്നും എണ്ണ ലഭിക്കാത്തതിന്റെ ഭാഗമായി ക്യൂബയിലുടനീളം വീണ്ടും സമ്പൂർണ വൈദ്യുതി തടസം നേരിട്ടതോടെ ഒരു കോടിയിലധികം ജനങ്ങളാണ് ഇരുട്ടിലായത്. നിലവിൽ വൈദ്യുതി സംവിധാനം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ക്യൂബൻ ഊർജ്ജ മന്ത്രാലയം. രാജ്യം മുഴുവൻ ഇരുട്ടിലാകുന്ന സാഹചര്യവുമുണ്ടായി. ക്യൂബയ്‌ക്കെതിരെ അമേരിക്കൻ ആക്രമണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഡയസ് കാനൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി തങ്ങളുടെ രാഷ്ട്രീയ നയങ്ങൾ മാറ്റില്ലെന്ന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാർലോസ് ഫെർണാണ്ടസ് ഡി കോസിയോ അറിയിച്ചു റഷ്യൻ കപ്പൽ ഹവാനയിൽ എത്തിയതോടെ ക്യൂബൻ ഊർജ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ










0 comments