Deshabhimani

വിദേശ തൊഴിലാളികൾക്കുള്ള ഗ്രീൻ കാർഡ് ചട്ടങ്ങൾ കടുപ്പിക്കാൻ അമേരിക്ക; പുതിയ നിർദേശങ്ങൾ

Image Credit : gamereactor
വെബ് ഡെസ്ക്

Published on Nov 18, 2026, 09:49 PM | 1 min read

വാഷിങ്‌ടൺ: വിദേശ തൊഴിലാളികൾക്ക്‌ സ്ഥിരതാമസാനുമതി (ഗ്രീൻ കാർഡ്‌) നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ അമേരിക്ക ഒരുങ്ങുന്നു. തൊഴിൽ വകുപ്പാണ്‌ ഇതുസംബന്ധിച്ച പുതിയ കരട്‌ നിർദേശങ്ങൾ മുന്നോട്ടുവച്ചത്‌. വിദേശികളെ നിയമിക്കുന്നതിന്‌ മുമ്പ്‌ യോഗ്യരായ അമേരിക്കൻ പൗരന്മാരെ കണ്ടെത്താൻ ആത്മാർഥമായ ശ്രമം നടത്തിയെന്ന്‌ തൊഴിലുടമകൾ തെളിയിക്കണമെന്നതാണ്‌ പ്രധാന വ്യവസ്ഥ. പ്രോഗ്രാം ഇലക്ട്രോണിക്‌ റിവ്യൂ മാനേജ്‌മെന്റ്‌ സംവിധാനത്തിൽ രണ്ട്‌ പതിറ്റാണ്ടിനിടെ വരുത്തുന്ന ഏറ്റവും വലിയ പരിഷ്കാരമാണിത്‌.


നിലവിലെ ചട്ടപ്രകാരം 30 ദിവസമാണ്‌ തൊഴിലൊഴിവുകൾ പരസ്യപ്പെടുത്തേണ്ടത്‌. പുതിയ നിർദേശം നടപ്പാകുന്നതോടെ ഇത്‌ 90 ദിവസമായി ഉയരും. പരമ്പരാഗത പത്രപ്പരസ്യങ്ങൾക്ക്‌ പകരം കമ്പനി വെബ്‌സൈറ്റുകൾ, ജോബ്‌ പോർട്ടലുകൾ, സമൂഹമാധ്യമങ്ങൾ, തൊഴിൽമേളകൾ, ക്യാമ്പസ്‌ റിക്രൂട്ട്‌മെന്റുകൾ എന്നിവ വഴി ഉദ്യോഗാർഥികളെ തേടണം. വിദേശ തൊഴിലാളികൾക്ക്‌ അനുയോജ്യമായ രീതിയിൽ തൊഴിൽ യോഗ്യതകളിൽ മാറ്റം വരുത്തുന്നത്‌ കർശനമായി തടയും. സാധാരണ ഒഴിവുകളിലേക്ക്‌ നടത്തുന്ന അതേ റിക്രൂട്ട്‌മെന്റ്‌ രീതികൾ തന്നെ സ്‌പോൺസർഷിപ്പ്‌ തസ്തികകളിലും പിന്തുടരണമെന്നും തൊഴിൽ വകുപ്പ്‌ വ്യക്തമാക്കുന്നു. ഉയർന്ന വേതനവും വൈദഗ്ധ്യവുമുള്ള തൊഴിലവസരങ്ങളിൽ അമേരിക്കൻ പൗരന്മാർക്ക്‌ മുൻഗണന ഉറപ്പാക്കാനാണ്‌ ഈ മാറ്റമെന്ന്‌ ലേബർ സെക്രട്ടറി കീത്ത്‌ സോണ്ടർലിങ്‌ പറഞ്ഞു.


നഴ്‌സുമാർ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, ശാസ്ത്ര-കലാ മേഖലകളിൽ അസാധാരണ വൈദഗ്ധ്യമുള്ളവർ എന്നിവരെ നിയമിക്കുമ്പോൾ ആഭ്യന്തര തൊഴിൽ വിപണി പരിശോധനയിൽ നിന്ന്‌ നിലവിൽ ഇളവ്‌ ലഭിച്ചിരുന്നു. പുതിയ പരിഷ്കാരത്തോടെ ഈ ഇളവുകൾ ഇല്ലാതാകും. ഈ തസ്തികകളിലേക്കും യോഗ്യരായ അമേരിക്കൻ അപേക്ഷകരെ പരിഗണിക്കേണ്ടിവരും.


കൂടാതെ, കഴിഞ്ഞ രണ്ട്‌ വർഷത്തിനിടെ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട കമ്പനികൾക്ക്‌ സമാന തസ്തികകളിലേക്ക്‌ വിദേശികളെ സ്‌പോൺസർ ചെയ്യുന്നതിന്‌ വിലക്കുണ്ടാകും. പിരിച്ചുവിടപ്പെട്ട യോഗ്യരായ അമേരിക്കൻ ജീവനക്കാരെ ലേബർ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ കമ്പനികൾ പരിഗണിക്കേണ്ടതുണ്ട്‌. 60 ദിവസത്തെ പൊതുജനാഭിപ്രായ ശേഖരണത്തിന്‌ ശേഷമായിരിക്കും പുതിയ ചട്ടങ്ങൾക്ക്‌ അന്തിമരൂപം നൽകുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home