ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: അമേരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളറിന് മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളർ മാനനഷ്ടക്കേസും ലിബൽ ലോ സ്യൂട്ടും കൊണ്ടുവരുന്നതിൽ അഭിമാനമുണ്ടെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞു.
ഫ്ലോറിഡയിൽ കേസ് ഫയൽ ചെയ്യാനാണ് തീരുമാനം. മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ കമല ഹാരിസിനെ ന്യൂയോർക്ക് ടൈംസ് അംഗീകരിച്ചതായി റിപ്പബ്ലിക്കൻ നേതാവായ ട്രംപ് ചൂണ്ടിക്കാട്ടി. തന്നെക്കുറിച്ചും തന്റെ ബിസിനസുകളെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും ന്യൂയോർക്ക് ടൈംസ് വ്യാജവാർത്ത നൽകുന്നെന്നാണ് ആരോപണം. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള പ്രസ്ഥാനങ്ങളെക്കുറിച്ചും അമേരിക്ക ഫസ്റ്റ് മൂവ്മെന്റ്, മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ (മാഗ) തുടങ്ങിയവയെക്കുറിച്ചും പത്രം കള്ളം പറയുന്നു- ട്രംപ് കുറിച്ചു.
ന്യൂയോർക്ക് ടൈംസ് ഇതുവരെയും ഇൗ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.









0 comments