യുഎസ്-ഇറാൻ സമാധാന കരാർ: ഇറാൻ ആസ്തികൾ മോചിപ്പിക്കുന്നതിൽ തർക്കം തുടരുന്നു

ഡോണാൾഡ് ട്രംപ്
വാഷിംഗ്ടൺ : യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാർ വെള്ളിയാഴ്ച ജനീവയിൽ ഒപ്പുവെക്കാനിരിക്കെ, മരവിപ്പിച്ച 12 ബില്യൺ ഡോളർ ഉൾപ്പെടെയുള്ള ഇറാനിയൻ ആസ്തികൾ സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു. ഇറാൻ ആസ്തികൾ മോചിപ്പിക്കുമെന്ന് 14 ഇന ധാരണാപത്രത്തിൽ പറയുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
60 ദിവസത്തെ ചർച്ചാ കാലയളവിനുള്ളിൽ 24 ബില്യൺ ഡോളർ മോചിപ്പിക്കുമെന്നും, ഇതിൽ പകുതി തുക ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് ലഭ്യമാക്കണമെന്നുമാണ് ധാരണാപത്രത്തിലുള്ളത്. എന്നാൽ, അമേരിക്കൻ ഉദ്യോഗസ്ഥർ ഈ വാദം തള്ളി. ഇറാൻ തങ്ങളുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ ഫണ്ടുകൾ വിട്ടുനൽകൂ എന്നും, ഇത് ഒരു 'പേ-ഫോർ-പെർഫോമൻസ്' കരാറാണെന്നും യുഎസ് വ്യക്തമാക്കി. ഉപരോധം നീക്കുക, ശത്രുത അവസാനിപ്പിക്കുക, ലബനനിലെ സൈനിക നീക്കങ്ങൾ നിർത്തുക തുടങ്ങിയ വാഗ്ദാനങ്ങൾ പാലിച്ചാൽ മാത്രമേ അന്തിമ കരാറിലേക്ക് നീങ്ങൂ എന്ന് ഇറാൻ വ്യക്തമാക്കുന്നു.
ലബനനിലെ സൈനിക പ്രവർത്തനങ്ങൾ തുടരുന്ന ഇസ്രായേൽ കരാറിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. യുദ്ധം മൂലം സ്തംഭിച്ച ആഗോള ഊർജ്ജ വിപണിയെയും ഓഹരി വിപണിയെയും ഈ കരാർ സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ ഇന്ധനവില കുറയുമെന്നും ആഗോള വ്യാപാരം പഴയ നിലയിലാകുമെന്നും കരുതപ്പെടുന്നു. എങ്കിലും, ഇറാനിയൻ ആസ്തികൾ തങ്ങളുടെ സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരമായി നൽകാൻ യുഎസ് നേരത്തെ സൂചന നൽകിയിരുന്നത് കരാറിന് ഭീഷണിയായി തുടരുന്നു. ഇറാൻ ഇതിനെ കരാർ ലംഘനമായാണ് കാണുന്നത്. കരാർ ഒപ്പുവെക്കുന്നതുവരെ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.









0 comments