ജനകീയ ഉദ്യോഗസ്ഥരെ തെറിപ്പിക്കാൻ നീക്കം; വനംവകുപ്പ് തലപ്പത്തും അഴിച്ചുപണി


സ്വന്തം ലേഖകൻ
Published on Jun 15, 2026, 09:04 AM | 1 min read
തിരുവനന്തപുരം: മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കാനും കർഷകരുടെ ആശങ്ക കേൾക്കാനും വനംവകുപ്പിനെ ജനങ്ങളിലേക്ക് അടുപ്പിക്കാനുമുള്ള പ്രവർത്തനം നടത്തിയ ജനകീയ ഉദ്യോഗസ്ഥരെ വനംവകുപ്പിന്റെ തലപ്പത്തുനിന്ന് മാറ്റാൻ നീക്കം. ഉത്തരവ് തിങ്കളാഴ്‌ച പുറത്തിറങ്ങിയേക്കും. ഐഎഎസ്, ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണികൾക്ക് പിന്നാലെയാണ് ഐഎഫ്‌എസ് തലപ്പത്തും ഉദ്യോഗസ്ഥരെ മാറ്റാനുള്ള നീക്കം.
ചീഫ് വൈൽഡ്‌ലൈഫ് വാർഡനായിരുന്ന ഡോ. പ്രമോദ് ജി കൃഷ്‌ണന് സാമൂഹ്യവനവൽക്കരണത്തിന്റെ ചുമതല നൽകിയേക്കും. പരിസ്ഥിതി സംരക്ഷണരംഗത്തും വനപാലനത്തിലും 35 വർഷത്തിലേറെ പരിചയം ഇദ്ദേഹത്തിനുണ്ട്. രാജ്യത്തുതന്നെ പങ്കാളിത്ത വനപരിപാലനത്തിൽ ശ്രദ്ധേയമായ പെരിയാർ മോഡൽ സംരക്ഷണം വികസിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു.
മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ വിജയകരമായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ അമരത്തുനിന്ന ഇദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് നീക്കുന്നത് വലിയ തിരിച്ചടിയായേക്കും. ഡോ. പി പുകഴേന്തിയായിരിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയോഗിക്കപ്പെടുക. വനംവകുപ്പ് മേധാവി കഴിഞ്ഞാൽ വനംവകുപ്പിലെ ഏറ്റവും ഉയർന്ന സ്ഥാനമാണിത്. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ദീപക് മിശ്രയ്‌ക്ക് ആസൂത്രണചുമതല നൽകും. എപിസിസിഎഫ് എൽ ചന്ദ്രശേഖറിനെ ബജറ്റിലേക്കും കോഴിക്കോട് എപിസിസിഎഫ് ജസ്‌റ്റിൻ മോഹനനെ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിലേക്കും മാറ്റിയേക്കും. റേഞ്ച് ഓഫീസർമാരെ നീക്കാനും ആലോചന തുടങ്ങി.










0 comments