യുഎസ് അടച്ചുപൂട്ടൽ: കൂട്ടപ്പിരിച്ചുവിടൽ ഭീതിയിൽ ജീവനക്കാർ

വാഷിങ്ടൺ : അമേരിക്കയിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിസന്ധിയിലാക്കി അടച്ചുപൂട്ടൽ ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൂട്ടപ്പിരിച്ചുവിടൽ ഭീതിയിൽ ജീവനക്കാർ. ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും രൂക്ഷമായ തർക്കത്തിലേക്ക് നീങ്ങുകയും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിരിച്ചുവിടലും വെട്ടിക്കുറയ്ക്കലും വ്യാപകമാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തതോടെ പ്രതീക്ഷ വീണ്ടും മങ്ങുകയാണ്. പിരിച്ചുവിടലിന് കാരണം ഡെമോക്രാറ്റുകളാണെന്നാണ് ട്രംപിന്റെ വാദം. ഭരണകൂടം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് പിരിച്ചുവിടൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് മറുപടി നൽകിയത്.
ഫെഡറൽ ഏജൻസികളെ സംബന്ധിച്ച ഹ്രസ്വകാല ധനസഹായ നടപടി സെനറ്റ് ഡെമോക്രാറ്റുകൾ നിരസിച്ചതിനെത്തുടർന്ന്, ഫെഡറൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഒക്ടോബർ 1 നാണ് യുഎസിൽ ഷട്ട്ഡൗൺ ആരംഭിച്ചത്. തിങ്കളാഴ്ച സെനറ്റ് അഞ്ചാം തവണയും താൽക്കാലിക ഫണ്ടിംഗ് ബില്ലുകളിൽ വോട്ട് ചെയ്യും. ‘ഷട്ട്‌ഡൗൺ’ അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ കഴിഞ്ഞ സെനറ്റിൽ 44നെതിരെ 54 വോട്ടിനാണ് പരാജയപ്പെട്ടത്. അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ ദൈർഘ്യമേറിയ അടച്ചുപൂട്ടലാണ് ഇത്.
ഏകദേശം 1.70 ലക്ഷം കോടി ഡോളർ സർക്കാർ ഫണ്ടാണ് ബിൽ പാസാകാത്തതിനാൽ മരവിച്ചിരിക്കുന്നത്. വാർഷിക ഫെഡറൽ ചെലവിന്റെ നാലിലൊന്നു വരുമിത്. ഫെഡറൽ ബജറ്റിന്റെ ബാക്കി തുക പ്രധാനമായും ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ, ദേശീയ കടത്തിന്റെ പലിശയടയ്ക്കൽ എന്നിവയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. കടം ഇപ്പോൾ 37.5 ലക്ഷം കോടി ഡോളർ കവിഞ്ഞു. സാമ്പത്തിക വർഷത്തിന്റെ ആരംഭം കുറിക്കുന്ന ഒക്ടോബർ ഒന്നിനകം ബജറ്റ് ബിൽ പാസാക്കുന്നതിൽ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്. ആരോഗ്യ പരിരക്ഷക്കുള്ള നിർദ്ദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം വൈറ്റ്‌ഹൗസ് തള്ളിയത് സമവായത്തിന് തടസ്സമായി.
അതേസമയം, ഷിക്കാഗോയിലെ ഗതാഗത സംവിധാനത്തിനായി നിശ്ചയിച്ചിരുന്ന 210 കോടി ഡോളറിന്റെ ഫെഡറൽ ഫണ്ടിങ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മരവിപ്പിച്ചു. ഡെമോക്രാറ്റിക് ഭരണത്തിലുള്ള നഗരങ്ങളെയും സംസ്ഥാനങ്ങളെയും ലക്ഷ്യം വച്ചുള്ള പ്രതികാരനടപടികളുടെ ഭാഗമാണിതെന്ന് വിമർശനമുയർന്നു. ഈയാഴ്ച ന്യൂയോർക്കിലെ ഗതാഗത പദ്ധതികൾക്കുള്ള ഫണ്ട് തടഞ്ഞിരുന്നു. കലിഫോർണിയ, ഇലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി 800 കോടി ഡോളറിന്റെ ഹരിതോർജ പദ്ധതികൾ നിർത്തിവച്ചു. മൊത്തത്തിൽ, 2600 കോടി ഡോളറിന്റെ ധനസഹായം മരവിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.









0 comments