പ്രതിസന്ധി രൂക്ഷമാവുന്നു, യുഎസ് സർക്കാർ അടച്ചുപൂട്ടലിന്റെ ആറാം ദിവസത്തിലേക്ക്

us shutdown
വെബ് ഡെസ്ക്

Published on Oct 07, 2025, 04:58 PM | 2 min read

വാഷിങ്ടൺ: അമേരിക്കൻ ഫെഡറൽ സർക്കാർ പ്രവർത്തനം നിലച്ചതിന്റെ ആറാം ദിവസത്തിലേക്ക് കടക്കുന്നു. സെനറ്റ് തിങ്കളാഴ്ച ചേർന്നെങ്കിലും ഫണ്ടിങ് ബില്ലുകൾ പാസാക്കുന്നതിൽ വീണ്ടും പരാജയപ്പെട്ടു. ഇതോടെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യമാണ്.


തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഫണ്ടിങ് ബിൽ 45–55 വോട്ടിനും, റിപ്പബ്ലിക്കൻ പാർട്ടിയുടെ "ക്ലീൻ" ബിൽ 52–42 വോട്ടിനും പരാജയപ്പെട്ടു. സമവായം സാധ്യമായില്ല. ഇരുവർക്കും തനിയെ മുന്നോട്ട് പോകാൻ ആവശ്യമായ 60 വോട്ടുകൾ ലഭിച്ചില്ല.


വിവിധ സർക്കാർ സേവനങ്ങളുടെ സസ്പെൻഷനും ഭാഗിക നിയന്ത്രണവും എയർ ട്രാഫിക് കൺട്രോൾ പോലുള്ള മേഖലകളിൽ പോലും  ഇതിനകം തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ചു.  ചില ടവറുകളിൽ ജീവനക്കാരുടെ കുറവുള്ളതായി യുഎസ് മാധ്യമങ്ങൾ പറയുന്നു.


ആഫോർഡബിൾ കെയർ ആക്റ്റ് (Affordable Care Act - ACA) പ്രീമിയം സബ്സിഡികൾ തുടരണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യമുന്നയിച്ചതാണ്തിങ്കളാഴ്ച അകൽച്ച കൂട്ടിയത്.റിപ്പബ്ലിക്കൻ പാർട്ടി, ഇത്തരത്തിൽ ഫണ്ടിങ് ബില്ലിൽ നയപരമായ വ്യവസ്ഥകൾ ചേർക്കുന്നത് എതിർക്കുകയാണ്.

 

ആരോഗ്യരംഗത്ത് ചർച്ചയ്ക്ക് തയ്യാറാണെന്ന് സൂചിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിട്ടുവീഴ്ചാ തന്ത്രം പ്രയോഗിച്ചു. എങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. "വൻതോതിലുള്ള പിരിച്ചുവിടലുകൾ തുടരേണ്ടി വരും" എന്ന ഭീഷണി ഇതിനു പിന്നാലെ ആവർത്തിച്ചു.


ഗവൺമെന്റ് പ്രവർത്തനങ്ങളെ വീണ്ടും തുറക്കാനുള്ള റിപ്പബ്ലിക്കൻ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണെങ്കിൽ ഡെമോക്രാറ്റുകളുമായി അവരുടെ ഏതെങ്കിലും ആവശ്യങ്ങളിൽ ചർച്ച നടത്താൻ താൻ "സന്തോഷവാനാണെന്ന്" ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.


"ഡെമോക്രാറ്റുകളുടെ പരാജയപ്പെട്ട ആരോഗ്യ സംരക്ഷണ നയങ്ങളിലോ മറ്റെന്തെങ്കിലുമോ പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, പക്ഷേ ആദ്യം അവർ നമ്മുടെ സർക്കാരിനെ വീണ്ടും തുറക്കാൻ അനുവദിക്കണം," എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എഴുതിയത്. ഇവയൊന്നും വിലപ്പോയില്ല.


ഇതിനിടെ മിതവാദ സെനറ്റർമാർ 45 ദിവസത്തെ താൽക്കാലിക ധാരണ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്, അതിനുശേഷം ആരോഗ്യരംഗത്തെ വിഷയങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യാനാണ് നീക്കം.


എട്ട് ലക്ഷം ജീവനക്കാർ പ്രതിസന്ധിയിൽ


ഏകദേശം 8 ലക്ഷം ഫെഡറൽ ജീവനക്കാരാണ് ഇപ്പോൾ ശമ്പളം ലഭിക്കാതെ ജോലിയിൽ തുടരുകയോ അല്ലെങ്കിൽ അവധിയിലായിരിക്കയോ ചെയ്യുന്നത്.


നാഷണൽ പാർക്കുകൾ, മ്യൂസിയങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ അടച്ചിട്ടിരിക്കുകയാണ്. ഈ പ്രതിസന്ധി നീണ്ടാൽ സ്ഥിരമായ പിരിച്ചുവിടലുകൾ ഉണ്ടാകാനിടയുണ്ട്.

  

ഭരണപക്ഷത്തിന്റെ അജണ്ടകൾ ആക്രമണാത്മകമായി നീങ്ങുന്ന സാഹചര്യമാണ്. ചില നിയന്ത്രണം തിരിച്ചുപിടിക്കാൻ തങ്ങൾക്കും കഴിയുമെന്ന് കാണിക്കാനും കൂടിയായാണ് ഡെമോക്രാറ്റുകൾ ഈ അവസരം ഉപയോഗിക്കുന്നത് എന്ന് യു എസ് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഇതിന് പകരമായി ന്യൂയോർക്ക് സിറ്റി, ചിക്കാഗോ എന്നിവയുൾപ്പെടെ, ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ ഫെഡറൽ ഫണ്ടിംഗ് താൽക്കാലികമായി തടഞ്ഞാണ് ട്രംപ് പ്രതികരിച്ചത്.


തത്ക്കാലം ഓഹരി വിപണി രക്ഷപെട്ട് നിൽക്കയാണ്. ട്രംപ് കൂട്ട പിരിച്ചുവിടൽ ഭീഷണി നടപ്പിലാക്കുകയാണെങ്കിൽ, നാശനഷ്ടങ്ങൾ കൂടുതൽ നീണ്ടുനിൽക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.


ഇത്തവണ യുഎസ് കോൺഗ്രസ്


അമേരിക്കൻ രാഷ്ട്രീയ സംവിധാനത്തിൽ "ഗവൺമെന്റ് ഷട്ട്‌ഡൗൺ" എന്നു വിളിക്കുന്നത് സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗികമോ പൂർണ്ണമോ ആയ നിർത്തലാക്കലാണ്.


ഇത് കോൺഗ്രസ്സ് ഫണ്ടിംഗ് ബില്ലുകൾ പാസാക്കാത്തത് കാരണമാണ് ഉണ്ടാവുന്നത്. പ്രസിഡൻറ് ബില്ലുകൾ ഒപ്പിടാതെ നിൽക്കുന്നത് കാരണവും ഇത് ഉണ്ടാകുന്നു.


യു എസിൽ ഒക്ടോബർ 1-നാണ് പുതിയ ധനവർഷം തുടങ്ങുന്നത്. അതിനു മുമ്പ് ബജറ്റ് ബില്ലുകൾ പാസായില്ലെങ്കിൽ പല ഫെഡറൽ വകുപ്പുകളും പ്രവർത്തനം നിർത്തേണ്ടതായി വരും. ദേശീയ സുരക്ഷ, ആരോഗ്യസംരക്ഷണം, നിയമപരിപാലനം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ മാത്രമേ തുടരൂ.


2018 ഡിസംബർ 22-ന് തുടങ്ങി 2019 ജനുവരി 25 വരെ നീണ്ട ഭാഗിക ഷട്ട്‌ഡൗൺ ട്രംപ് ഭരണകാലത്തെ പ്രധാന സംഭവമായിരുന്നു. അന്ന് ട്രംപ് താൻ ആവശ്യപ്പെട്ട മെക്സിക്കോ അതിർത്തി മതിലിനുള്ള ഫണ്ടിംഗ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന കാരണത്താൽ ഒപ്പിടാൻ നിരസിച്ചു.


ഇപ്പോൾ (2025 ഒക്ടോബർ) ട്രംപിന്റെ രണ്ടാമത്തെ കാലാവധിയിലും ബജറ്റ് തർക്കങ്ങളെ തുടർന്ന് പൂർണ്ണമായ ഷട്ട്‌ഡൗൺ ആരംഭിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home