സമരമുന്നേറ്റങ്ങൾ ഒരേ പാതയിൽ


വിജേഷ് ചൂടൽ
Published on Nov 07, 2026, 06:59 AM | 3 min read
യുഎസ് കോൺഗ്രസിലെ ആദ്യ ‘ജെൻ സീ’ വനിതാപ്രതിനിധിയായി ഇരുപത്തൊന്പതുകാരി മെലാറ്റ് കിറോസ് തെരഞ്ഞെടുക്കപ്പെട്ടത് കേവലം പാർലമെന്ററി വിജയമല്ല; തെരുവുകളിലെ സമരവീര്യത്തെ രാഷ്ട്രീയശബ്ദമാക്കി മാറ്റിയ ജനകീയസമരത്തിന്റെ തുടർച്ചയാണത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ (ഡിഎസ്എ) സംഘടനാശക്തിയിൽ അന്നാട്ടിലെ യുവത കെട്ടിപ്പടുത്ത പോരാട്ടത്തിന്, ഇന്ത്യയിൽ മോദിഭരണത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങൾ നടത്തുന്ന പോരാട്ടങ്ങളുമായി ബഹുതല സാമ്യമുണ്ട്.
മെലാറ്റ് കിറോസ് എന്ന പ്രതീകം
കൊളറാഡോയിൽനിന്ന് യുഎസ് കോൺഗ്രസിലെത്തുന്ന ആദ്യ കറുത്തവംശജയും സോഷ്യലിസ്റ്റ് നേതാവുമായ മെലാറ്റ് കിറോസ് വൻകിട കോർപറേറ്റ് മാധ്യമങ്ങളും ഭരണസംവിധാനങ്ങളും ചേർന്ന് രൂപപ്പെടുത്തിയ കോട്ടകളെ തകർത്താണ് 78 ശതമാനത്തിലേറെ വോട്ട് നേടിയത്. എത്യോപ്യയിലെ അഡിസ് അബാബയിൽ ജനിച്ച മെലാറ്റ്, കുഞ്ഞായിരിക്കെ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് എത്തിയതാണ്. അഭിഭാഷകയും ഗവേഷകയുമായ അവർ പ്രമുഖ നിയമസ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.
പലസ്തീൻ അനുകൂല വിദ്യാർഥിസമരങ്ങളെ പിന്തുണച്ച് ലേഖനം എഴുതിയതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. 30 വർഷമായി ഡെൻവറിൽനിന്നുള്ള ജനപ്രതിനിധിയായ മുതിർന്ന ഡെമോക്രാറ്റിക് നേതാവ് ഡയാന ഡിഗെറ്റിനെ ജൂണിലെ പാർടി പ്രൈമറിയിൽ അട്ടിമറിച്ചാണ് മെലാറ്റ് വാർത്തകളിൽ നിറഞ്ഞത്. ഇവരടക്കം എട്ടുപേരാണ് യുഎസ് ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ പ്രതിനിധികൾ.
ഡെമോക്രാറ്റിക് പാർടിയിലെ ഇടതുപക്ഷത്തുനിന്ന് ജയിച്ചുവന്നവരെല്ലാം കോർപറേറ്റ് രാഷ്ട്രീയത്തിന് ജനകീയബദലിൽ ഉൗന്നിയ മറുപടിയാണ്. കോർപറേറ്റ് ഫണ്ടുകൾ നിരസിച്ച്, പൂർണമായും താഴെത്തട്ടിലുള്ള സന്നദ്ധപ്രവർത്തകരെയും സമൂഹമാധ്യമങ്ങളെയും ആശ്രയിച്ചായിരുന്നു അവരുടെ പ്രചാരണം. പരമ്പരാഗത വലതുപക്ഷ രാഷ്ട്രീയത്തിന്റെ പിന്തിരിപ്പൻ നിലപാടുകൾക്ക് പുതുതലമുറ നൽകിയ ശക്തമായ താക്കീതാണ് ജനവിധിയിൽ തെളിയുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം എന്നീ മേഖലകളിലെ അനിയന്ത്രിത വാണിജ്യവൽക്കരണത്തിനെതിരെ യുവതലമുറ നടത്തുന്ന സമരങ്ങളുടെ സ്വാഭാവിക പരിണാമമാണ് ഇൗ ഡെമോക്രാറ്റുകളുടെ വിജയം. ഫെഡറൽ നയങ്ങൾ, അക്കാദമിക് അടിച്ചമർത്തൽ, സർക്കാർ നടപടികൾ എന്നിവയെ നേരിട്ട് വെല്ലുവിളിച്ച് ഏകോപിതവും അഭൂതപൂർവവുമായ വിദ്യാർഥിപ്രതിഷേധങ്ങൾക്കാണ് സമീപകാലത്ത് യുഎസ് സർവകലാശാല ക്യാമ്പസുകൾ സാക്ഷ്യംവഹിച്ചത്.
അമേരിക്കൻ ക്യാമ്പസുകളിൽനിന്ന് ഉയർന്ന പലസ്തീൻ അനുകൂല പ്രകടനങ്ങളും കോർപറേറ്റ് വിരുദ്ധ സമരങ്ങളുമാണ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ ചരിത്രവിജയത്തിന് അടിത്തറയിട്ടത്.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ
സമരസംഘടനാശക്തി
അമേരിക്കൻ രാഷ്ട്രീയത്തിൽ സാധാരണ കാണുന്ന ‘ഇലക്ഷൻ മാനേജ്മെന്റ്' ശൈലിയിൽനിന്ന് മാറി, നിരന്തര സമരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇടതുപക്ഷം പ്രവർത്തിച്ചത്. ക്യാമ്പസുകളെ ഇളക്കിമറിച്ച യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ സമരങ്ങൾ, തൊഴിൽമേഖലയിൽ യൂണിയൻ രൂപീകരണം എന്നിവയെല്ലാം നയിച്ചത് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളാണ്. ക്യാമ്പസുകളിൽ ടെന്റടിച്ച് സമരംചെയ്ത വിദ്യാർഥികളും തെരുവിൽ വംശീയതയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച യുവജനങ്ങളുമാണ് വോട്ടർമാരിലേക്ക് രാഷ്ട്രീയപ്രചാരണവുമായി എത്തിയത്. ഈ സമരസംഘടനാശക്തിയാണ് ഇത്തവണ യുഎസ് കോൺഗ്രസിൽ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ നാലിരട്ടിയായി ഉയർത്തിയത്.
ഡെമോക്രാറ്റിക് പാർടിക്കുള്ളിലെ ആധുനിക ഇടതുപക്ഷ ഉണർവിന്റെ തുടക്കം 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബേർണി സാൻഡേഴ്സിന്റെ പ്രചാരണത്തോടെയാണ്. സോഷ്യലിസ്റ്റ് നേതാവ് സോഹ്റാൻ മംദാനി 2025-ൽ ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ഉജ്വലമായ സംഘടനാവിജയമായി. ട്രംപിന്റെ നയങ്ങൾക്കെതിരെയുള്ള പ്രതിരോധമുഖമായി മാറി ഡെമോക്രാറ്റിക് പാർടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന തലത്തിലേക്ക് ഇടതുപക്ഷം വളർന്നിരിക്കുന്നു. 1.20 ലക്ഷത്തിലധികം അംഗങ്ങളുള്ള ഡിഎസ്എ ഇന്ന് അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ശക്തമായ അടിത്തറയുള്ള പ്രസ്ഥാനമാണ്.
രണ്ട് സീറ്റ് ഉണ്ടായിരുന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ അത് എട്ടായി വർധിപ്പിച്ചു എന്നതുമാത്രമല്ല ഇപ്പോഴത്തെ മുന്നേറ്റത്തെ പ്രസക്തമാക്കുന്നത്. ഡെമോക്രാറ്റിക് പാർടി രാജ്യമാകെ കാഴ്ചവച്ച വൻമുന്നേറ്റത്തിന് രാഷ്ട്രീയ അടിത്തറയൊരുക്കിയത് ഇടതുപക്ഷത്തിന്റെ പ്രവർത്തനം രൂപപ്പെടുത്തിയ രാഷ്ട്രീയസാഹചര്യവും ചിട്ടപ്പെടുത്തിയ സംഘടനാരീതിയുമാണ്. ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാപാർടി സമരം തുടങ്ങുന്നതിനും എത്രയോ മുന്പുതന്നെ ഇന്ത്യയിലെ ക്യാന്പസുകളിൽ എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥിസംഘടനകൾ മോദിസർക്കാരിനെതിരായ ആശയസമരത്തിന് തിരികൊളുത്തിക്കഴിഞ്ഞിരുന്നു. ഡൽഹിയെ ഇളക്കിമറിച്ച ജെൻ സീ പ്രക്ഷോഭത്തിനും ആശയപരവും സംഘടനാപരവുമായ കരുത്തായത് ഇടതുപക്ഷ
മാണ്.
ഇന്ത്യൻ സാഹചര്യവുമായി ഒരു താരതമ്യം
അമേരിക്കയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ ഉയർത്തുന്ന രാഷ്ട്രീയവും ഇന്ത്യയിൽ ഇടതുപക്ഷപ്രസ്ഥാനങ്ങൾ നടത്തുന്ന സമരങ്ങളും തമ്മിൽ സാമ്യങ്ങളേറെയാണ്. അമേരിക്കയിൽ വൻകിട കോർപറേറ്റുകളുടെ ആധിപത്യത്തിനും നിർമിത ബുദ്ധിമൂലമുള്ള തൊഴിൽചൂഷണത്തിനുമെതിരെ സോഷ്യലിസ്റ്റുകൾ വാദിക്കുമ്പോൾ, ഇന്ത്യയിൽ കോർപറേറ്റ് വൽക്കരണത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം നയിക്കുന്നത് ഇടതുപക്ഷമാണ്. സാർവത്രിക ആരോഗ്യ പരിരക്ഷ, സൗജന്യവിദ്യാഭ്യാസം, തൊഴിലില്ലായ്മ പരിഹരിക്കൽ എന്നീ ആവശ്യങ്ങളാണ് യുഎസിലെ യുവജനത ഉന്നയിക്കുന്നത്. ഇന്ത്യയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും തൊഴിലവകാശത്തിനും താൽക്കാലിക നിയമനങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകൾ നടത്തുന്ന സമരങ്ങളുടെ അന്തസ്സത്തയും ഇതുതന്നെ. ഗാസയിലും ഇറാനിലും അമേരിക്ക നടത്തുന്ന സാമ്രാജ്യത്വയുദ്ധങ്ങളെയും ഇസ്രയേലിന് ആയുധം നൽകുന്നതിനെയും യുഎസിലെ ജെൻ സീകൾ ശക്തമായി എതിർക്കുന്നു. ഇന്ത്യയിലെ ഇടതുപക്ഷം എക്കാലത്തും ഉയർത്തിപ്പിടിച്ച സാമ്രാജ്യത്വവിരുദ്ധ, പലസ്തീൻ ഐക്യദാർഢ്യ നിലപാടുകളുടെ പ്രതിധ്വനിയാണ് ഇന്ന് വാഷിങ്ടണിലെ തെരുവുകളിലും കേൾക്കുന്നത്. സമൂഹമാധ്യമം വെറും വിനോദോപാധിയാക്കാതെ രാഷ്ട്രീയസമരങ്ങൾ സംഘടിപ്പിക്കാനും ഭരണകൂടവേട്ടകളെ തുറന്നുകാട്ടാനും ഇരു രാജ്യങ്ങളിലെയും പുതിയ തലമുറ ഒരേപോലെ ഡിജിറ്റൽ ഇടങ്ങളെയും തെരുവുകളെയും കൂട്ടിയിണക്കുന്നു.
മാറ്റത്തിന്റെ ആഗോളസന്ദേശം
അമേരിക്കയിലെ ജനവിധിയുടെ സൂചന വ്യക്തമാണ്– സാമ്രാജ്യത്വ അതിക്രമങ്ങളെയും വലതുപക്ഷ തീവ്രവാദത്തെയും കോർപറേറ്റ് ചൂഷണത്തെയും നേരിടാൻ ഇടതുപക്ഷ ജനകീയ ബദലുകൾക്കുമാത്രമേ സാധിക്കൂ. ലോക മുതലാളിത്തത്തിന്റെ ആസ്ഥാനമായ അമേരിക്കയിൽ സോഷ്യലിസം എന്ന പദം യുവതയുടെ അഭയമായി മാറുന്നുവെങ്കിൽ, അത് ആഗോളതലത്തിൽ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തിയുടെ വിളംബരമാണ്. ഇന്ത്യൻ തെരുവുകളിൽ ചോരചിന്തി പോരാടുന്ന വിദ്യാർഥി–-യുവജന പ്രസ്ഥാനങ്ങൾക്കും -തൊഴിലാളി–കർഷക സമരങ്ങൾക്കും വലിയ ആവേശമാണ് അമേരിക്കയിൽനിന്നുള്ള തെരഞ്ഞെടുപ്പുവാർത്ത പകരുന്നത്. ഭൂഖണ്ഡാതിരുകൾക്കപ്പുറം, പ്രത്യയശാസ്ത്രങ്ങളുടെ ഐക്യത്തിലൂടെയും തലമുറകളുടെ സമരവീര്യത്തിലൂടെയും പുതിയ ലോകം സാധ്യമാണെന്ന് യുഎസ് ഇടതുപക്ഷത്തിന്റെ വർധിച്ച സാന്നിധ്യം ലോകത്തോട് വിളിച്ചുപറയുന്നു.








0 comments