ചൈനയുടെ തിരിച്ചടി തീരുവ പ്രാബല്യത്തിൽ

ബീജിങ്: ചൈനയ്ക്കുമേൽ ഏർപ്പെടുത്തിയ ഇറക്കുമതിച്ചുങ്കം ഇരട്ടിയാക്കിയ അമേരിക്കൻ നടപടിക്ക് തിരിച്ചടിയായി ചൈന ഏർപ്പെടുത്തിയ ചുങ്കം തിങ്കൾ മുതൽ പ്രാബല്യത്തിലായി. കാർഷികോൽപ്പന്നങ്ങളടക്കം അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ വസ്തുക്കൾക്ക് പത്തുമുതൽ 15 വരെ ശതമാനം ചുങ്കമാണ് ചൈന പ്രഖ്യാപിച്ചത്.
മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം ഏർപ്പെടുത്തിയ ട്രംപ്, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം ചുങ്കം ഈടാക്കുമെന്ന് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇത് 20 ശതമാനമായി ഉയർത്തി. ഇതിന് ബദലായാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചൈനയും തീരുവ പ്രഖ്യാപിച്ചത്. അമേരിക്ക ആസ്ഥാനമായ ചില ഭീമൻ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനിടെ, കാനഡയിലെ ഒണ്ടാരിയോയിൽനിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന വൈദ്യുതിക്ക് തിങ്കൾ മുതൽ 25 ശതമാനം അധിക നിരക്ക് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.









0 comments