ad
Deshabhimani

print edition യുദ്ധഭീതി മുഴക്കി അമേരിക്ക; യുഎസ് വിമാനവാഹിനി ക്യൂബയിലേക്ക്‌

Cuba.jpg

യുഎസ്എസ് നിമിറ്റ്സ്

വെബ് ഡെസ്ക്

Published on May 22, 2026, 01:02 AM | 2 min read

ഹവാന/ വാഷിങ്‌ടൺ: ക്യൂബൻ വിപ്ലവനേതാവും മുൻ പ്രസിഡന്റുമായ റൗൾ കാസ്ട്രോക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിന്‌ പിറകെ പ്രകോപനവുമായി അമേരിക്ക. ക്യൂബയ്‌ക്ക്‌ എതിരെ യുദ്ധഭീഷണി മുഴക്കി യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ പ്രവേശിച്ചു.


നിരവധി ആയുധങ്ങളുമായെത്തുന്ന നിമിറ്റ്‌സിനെ മറ്റ്‌ പോർവിമാനങ്ങളും കപ്പലുകളും അനുഗമിക്കുന്നുണ്ട്‌. നിമിറ്റ്‌സ്‌ കരീബീയൻ തീരത്ത്‌ എത്തിയതായി യുഎസ്‌ സതേൺ കമാൻഡും സ്ഥിരീകരിച്ചു.


ലാറ്റിനമേരിക്കയിലും കരീബിയൻ മേഖലയിലുടനീളവും തന്ത്രപരമായ സാന്നിധ്യം ശക്തമാക്കുന്നതിനാണ് ഓപ്പറേഷൻ സതേൺ സീസ് 2026-ന്റെ ഭാഗമായി പടക്കപ്പൽ കരീബിയൻ കടലിൽ വിന്യസിച്ചിക്കുന്നത്. മേഖലയിലെ സഖ്യരാഷ്ട്രങ്ങളുമായി സമുദ്ര സുരക്ഷാ സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, പല രാജ്യങ്ങളും ഈ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നത്.


1975 മുതൽ തുടർച്ചയായി സേവനത്തിലുള്ള നിമിറ്റ്സിന്റെ അവസാന ദൗത്യമായിരിക്കുമിത്. 30 വർഷം മുന്പത്തെ സംഭവത്തിന്റെ പേരിലാണ് റൗൾ കാസ്ട്രോക്കെതിരെ കുറ്റപത്രം നൽകിയത്.


​വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയേയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി തുറുങ്കിലടച്ചതിന്‌ പിന്നാലെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു.


മാസങ്ങളായി അമേരിക്കൻ ഉപരോധത്തെ തുടർന്ന്‌ ശ്വാസം മുട്ടുന്ന ക്യൂബയ്‌ക്ക്‌ എണ്ണ നൽകിയാൽ രാജ്യങ്ങൾക്ക്‌ മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെ തുടർന്ന്‌ മിക്ക രാജ്യങ്ങളും നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരുന്നു.


​​അപലപിച്ച്‌ 
ക്യൂബൻ പ്രസിഡന്റ്‌


റൗൾ കാസ്ട്രോക്കെതിരെ കുറ്റപത്രമിറക്കിയ യുഎസ് നടപടിയെ അലപപിച്ച്‌ ക്യൂബൻ പ്രസിഡന്റ്‌ മിഗ്വേൽ ഡയസ്‌ കനാൽ. ഫ്ലോറിഡ ആസ്ഥാനമായ ‘ബ്രദേഴ്സ് ടു ദി റെസ്‌ക്യു' എന്ന ക്യൂബാവിരുദ്ധ സംഘടനയുടെ രണ്ട് ചെറുവിമാനങ്ങൾ 1996 ഫെബ്രുവരി 24ന് വ്യോമാതിർത്തി ലംഘിച്ചപ്പോൾ വെടിവച്ചിട്ടെന്നാണ് റ‍ൗൾ കാസ്‌ട്രോക്കെതിരായ കേസ്. എന്നാൽ യുഎസിന്റെ വാദം വസ്‌തുതാവിരുദ്ധമാണെന്നും ഗുരുതരമായ നിമയലംഘനം നടത്തിയതിനെ തുടർന്നാണ്‌ ഭീകരവാദികളുടെ വിമാനം വെടിവച്ചിട്ടതെന്നും അദ്ദേഹം പറഞ്ഞു.


ക്യൂബയ്ക്ക്‌ എതിരെ 
യുഎസ്‌ ഭീഷണി വേണ്ട: ചൈന


ബീജിങ്‌: ക്യൂബയ്ക്ക്‌ എതിരെ അമേരിക്ക നടത്തുന്ന സമ്മർദവും ഭീഷണിയും അവസാനിപ്പിക്കണമെന്ന്‌ ചൈന. ചൈന ക്യൂബയ്ക്ക്‌ ശക്തമായ പിന്തുണ നൽകുന്നതായും വിദേശമന്ത്രാലയ വക്താവ്‌ ഗുവോ ജിയാകുൻ അറിയിച്ചു. ബാഹ്യശക്തികൾ ക്യൂബയ്ക്ക്‌ മേൽ സമ്മർദം ചെലുത്തുന്ന ഏതൊരു സാഹചര്യത്തെയും എതിർക്കും.


ഉപരോധങ്ങളും നിയമസംവിധാനങ്ങളും ഉപയോഗിച്ച്‌ ക്യൂബയെ സമ്മർദത്തിലാഴ്‌ത്താനുള്ള യുഎസ്‌ നീക്കം അവസാനിപ്പിക്കണം. എല്ലാ അവസരത്തിലും ഭീഷണിയിലൂടെ കാര്യം നേടരുതെന്നും ചൈന പ്രസ്‌താവനയിൽ മുന്നറിയിപ്പ് നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home