എതിർത്താൽ ദുഃഖകരമായ അന്ത്യമെന്ന് ട്രംപ് , ഹമാസിന് മൂന്നുദിവസത്തെ സമയം
അടിച്ചേൽപ്പിക്കാൻ ഭീഷണി ; പലസ്‌തീനെ അംഗീകരിക്കാതെ സമാധാനപദ്ധതി

വാഷിങ്‌ടൺ
ഗാസ സമാധാന പദ്ധതി അംഗീകരിക്കാൻ ഹമാസിന് മൂന്നോ നാലോ ദിവസം നൽകുമെന്നും അതുകഴിഞ്ഞാൽ ദുഃഖകരമായ പര്യവസാനമായിരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. അറബ് രാജ്യങ്ങളും മുസ്ലിം രാജ്യങ്ങളും ഇസ്രയേലും കരാർ അംഗീകരിച്ചെന്നും ഹമാസിനായി കാത്തുനിൽക്കുകയാണെന്നും ട്രംപ് വൈറ്റ്‌ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിർദേശങ്ങൾ ഹമാസ് പരിശോധിക്കുകയാണെന്നും വിലയിരുത്തലിനുശേഷം തീരുമാനം അറിയിക്കുമെന്നും ഖത്തർ വിദേശ മന്ത്രാലയം അറിയിച്ചു. ഖത്തറിനെ ആക്രമിച്ചതിൽ ഇസ്രയേൽ ഖേദംപ്രകടിപ്പിച്ച സാഹചര്യത്തിൽ വെടിനിർത്തലിനായി മാധ്യസ്ഥശ്രമം തുടരുമെന്നും ഖത്തർ അറിയിച്ചു.
ബന്ദികളെ മോചിപ്പിക്കുന്നതിനും ഹമാസിനെ നിർവീര്യമാക്കുന്നതിനും ഉൗന്നൽ നൽകുന്നതാണ് നിർദേശം. അതേസമയം പലസ്‌തീൻ രാജ്യത്തെപ്പറ്റി പരാമർശിക്കാതെയുള്ള അമേരിക്കയുടെ ഗാസ സമാധാനപദ്ധതി തികച്ചും ഏകപക്ഷീയവും ഇസ്രയേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ളതാണെന്നും വിമർശനമുയർന്നു. ഗാസയിലെ ജനങ്ങൾ തെരഞ്ഞെടുത്ത ഹമാസിനെ പൂർണമായും ഇല്ലായ്‌മ ചെയ്യണമെന്ന് പറയുന്ന നിർദേശം ജനാധിപത്യവിരുദ്ധമാണെന്നും അഭിപ്രായമുണ്ട്.
ഗാസയുടെ പുനർവികസനം പുരോഗമിക്കുകയും പലസ്‌തീൻ അതോറിറ്റിയുടെ പരിഷ്‌കരണ പരിപാടി നടപ്പാക്കുകയും ചെയ്‌താൽ രാഷ്‌ട്ര സങ്കൽപ്പത്തിലേക്ക് കാര്യങ്ങൾ പരിണമിച്ചേക്കാം എന്നുമാത്രമാണ് പറയുന്നത്. ട്രംപ് നിർദേശങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ പലസ്‌തീൻ രാഷ്‌ട്രത്തെ ശക്തിയുക്തം എതിർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
പലസ്‌തീൻ വിമോചനം സാധ്യമാകാതെ നീതിയുണ്ടാകില്ലെന്നും 150ലധികം രാജ്യങ്ങൾ ഇതിനകം പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിച്ചിട്ടുണ്ടെന്നും പലസ്‌തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് യുഎൻ പൊതുസഭയിൽ പറഞ്ഞിരുന്നു. ഗാസയിൽ ഇതുവരെ 66,055 പേരെ ഇസ്രയേൽ കൊലപ്പെടുത്തിയിട്ടും പലസ്‌തീനെ രാഷ്‌ട്രമെന്ന നിലയിൽ അംഗീകരിക്കാത്ത ട്രംപ്–നെതന്യാഹു കരാറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ട്രംപിന്റെയും നെതന്യാഹുവിന്റെയും പദ്ധതി പലസ്‌തീനിലെ ജനങ്ങളെ പരിഗണിക്കാതെയുള്ള അടിച്ചേൽപ്പിക്കലാണെന്ന് സ്‌പെയിൻ ഉപപ്രധാനമന്ത്രി യോലൻഡ ഡയസ് പ്രതികരിച്ചു.









0 comments