ട്രംപിന്റെ ചുങ്കക്കളി വിപണിയിൽ ആശങ്ക ; യുഎസ് ഓഹരി വിപണി ഇടിഞ്ഞു

ന്യൂയോർക്ക് : അമേരിക്ക ഏർപ്പെടുത്തുന്ന പരസ്പര വ്യാപാരചുങ്കം ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ "വിമോചന ദിനം’ എന്ന് ട്രംപ് വിശേഷിപ്പിച്ച ബുധനാഴ്ച ഇറക്കുമതി നികുതികളുടെ പട്ടിക പുറത്തിറക്കാനിരിക്കേ ആഗോള ഓഹരിവിപണികളും യുഎസ് ഓഹരി വിപണിയും ഇടിഞ്ഞു. ജപ്പാന്റെ നിക്കി സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ, ലണ്ടനിൽ എഫ്‌ടിഎസ്‌ഇ വ്യാപാരത്തിൽ ഒരു ശതമാനം നഷ്ടം നേരിട്ടു.
ഗണ്യമായ വ്യാപാര കമ്മിയുള്ള 10-–-15 രാജ്യങ്ങളിൽ മാത്രമായി ‘പ്രതികാര നടപടി’ പരിമിതപ്പെടുത്തില്ലെന്ന് ട്രംപ് വ്യക്തമാക്കി. അലുമിനിയം, സ്റ്റീൽ, ഓട്ടോമൊബൈൽ എന്നിവയിൽ തീരുവ നടപ്പാക്കിയ അമേരിക്ക ചൈനീസ് ഇറക്കുമതിക്ക് തീരുവ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ നടപടി മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ട്രംപ് എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗണ്യമായ വ്യാപാര അസന്തുലിതാവസ്ഥയുള്ള 10 മുതൽ 15 വരെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ്ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ, ട്രംപിന്റെ പ്രഖ്യാപനത്തോടെ വ്യാപാരയുദ്ധത്തിന്റെ സാധ്യത സംജാതമായത് വിപണിയിൽ അസ്ഥിരത സൃഷ്ടിച്ചു. അമേരിക്കയിലെ മാന്ദ്യസാധ്യതയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
അമേരിക്കയുടെ കയറ്റുമതിയിൽ തീരുവ നിരക്കുകളുമായി പൊരുത്തപ്പെടുന്ന ഫീസ് ചുമത്തുന്ന രാജ്യങ്ങൾക്കെതിരെ പരസ്പര ചുങ്കം നടപ്പാക്കാനാണ് ട്രംപ് ഉദ്ദേശിക്കുന്നത്. ഓരോ രാജ്യത്തിനും പ്രത്യേക പ്രതിരോധ നടപടി വികസിപ്പിക്കാൻ വ്യാപാര ഉദ്യോഗസ്ഥർക്ക് ഫെബ്രുവരിയിൽതന്നെ ട്രംപ് നിർദ്ദേശവും നൽകി.
ഇറാനും റഷ്യയ്‍ക്കും ഭീഷണി
ഇറാനും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുനേരെ ഡോണൾഡ് ട്രംപിന്റെ ഭീഷണി തുടരുകയാണ്. ഉക്രയ്‌ൻ വിഷയത്തില്‍ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുനേരെ പ്രകോപനപരമായ പരാമർശം ട്രംപ് നടത്തി. പുടിനോട് കടുത്ത ദേഷ്യമുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഉക്രയ്ന്‍ വെടിനിര്‍ത്തലില്‍ അമേരിക്കയുമായി സഹകരിച്ച് മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുകയാണെന്നാണ് റഷ്യ ഇതിനോട് പ്രതികരിച്ചത്.
നേരിട്ടുള്ള ചർച്ചക്കുള്ള ക്ഷണം ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌ക്യൻ നിരസിച്ചതിനു പിന്നാലെ ഇറാന്‍ അമേരിക്കയുടെ ആക്രമണം നേരിടേണ്ടിവരുമെന്ന് ട്രംപ് പ്രതികരിച്ചു. എന്നാല്‍, അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ ഇറാന്‍ ശക്തമായ തരിച്ചടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി മറുപടി നല‍്കി.









0 comments