മൂന്ന് മാസം ഇളവ് ; ചൈനയുടെ അധിക തീരുവ മരവിപ്പിച്ച് ട്രംപ്

വാഷിങ്‌ടൺ
ചൈനയുമായുള്ള വ്യാപരക്കരാർ 90 ദിവസത്തേക്ക് ദീർഘിപ്പിച്ച് അമേരിക്ക. ചൈനക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 145 ശതമാനം തീരുവ ചൊവ്വാഴ്‌ച നിലവിൽ വരാനിരിക്കെയാണ് തീരുമാനം നീട്ടിയത്. ചൈനയ്‌ക്ക് നിലവിൽ 30 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിട്ടുള്ളത്. 10 ശതമാനമാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചൈന ചുമത്തിയ തീരുവ. അധിക തീരുവ നവംബർ 10 വരെ മരവിപ്പിച്ച് എക്‌സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
ഇൗ വർഷം ആദ്യമാണ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം തീരുവ പ്രഖ്യാപിച്ച് ചൈനയും തിരിച്ചടിച്ചു. കഴിഞ്ഞ മേയിൽ ജനീവയിൽ രണ്ട് വട്ട വ്യാപാര ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് അധിക തീരുവ ചുമത്തുന്നത് ഇരു രാജ്യങ്ങളും നിർത്തിവച്ചത്.
ചൈനയുമായി വ്യാപാര ചർച്ച തുടരുമെന്നും ഇടപാടിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും വൈറ്റ്‌ഹൗസ് അറിയിച്ചു. പരസ്‌പര സഹകരണത്തിലൂടെയുള്ള വ്യാപാരമാണ് വേണ്ടതെന്നും അടിച്ചമർത്തൽ നയം വിജയിക്കില്ലെന്നും വാഷിങ്‌ടണിലെ ചൈനീസ് എംബസി പ്രതികരിച്ചു.









0 comments