'പശ്ചിമേഷ്യയിലെ പരാജിതര്‍'; ഇറാന്‍റെ പൂര്‍ണ നാശമാണ് ലക്ഷ്യമെന്ന് ട്രംപ്

ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇറാനെ പശ്ചിമേഷ്യയിലെ പരാജിതരെന്ന് വിമര്‍ശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്നും രാജ്യത്തിന്‍റെ പൂര്‍ണ നാശമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാനെതിരെ ഇസ്രയേലും യുഎസും സംയുക്തമായി നടത്തുന്ന ആക്രമണത്തില്‍, കീഴടങ്ങില്ല എന്ന് ഇറാനിയന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്ക്യന്‍ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. പ്രത്യാക്രമണം നടത്തിയതിന് അയല്‍രാജ്യങ്ങളോട് ഇറാൻ ഖേദവും പ്രകടിപ്പിച്ചിരുന്നു.
യുഎസിന്‍റെയും ഇസ്രയേലിന്‍റെയും ശ്രമഫലം കൊണ്ടാണ് ഇറാന്‍ അയല്‍രാജ്യങ്ങളോട് മാപ്പ് പറഞ്ഞതെന്നും ട്രംപ് അവകാശപ്പെട്ടു. 'ഇറാനെതിരെ ഇന്ന് കടുത്ത ആക്രമണം നടക്കും. ഇറാന്‍റെ പെരുമാറ്റം അവരെ പൂര്‍ണ നാശത്തിലേക്കാണ് നയിക്കുന്നത്. ഇനി മുതല്‍ ഇറാന്‍ പശ്ചിമേഷ്യയിലെ ഭീകരര്‍ അല്ല, പരാജിതര്‍ ആണ്. എത്ര നൂറ്റാണ്ടുകളെടുത്താലും രാജ്യത്തിന്‍റെ സമ്പൂര്‍ണനാശം കാണുന്നത് വരെ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കും', ട്രംപ് കുറിച്ചു.
ഇറാന്‍ നിരുപാധികമായി കീഴടങ്ങിയാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ട്രംപിന്‍റെ ഈ ആവശ്യം ഇറാനിയന്‍ പ്രസിഡന്‍റ് നിരസിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ജിസിസി രാജ്യങ്ങളില്‍ ഇനി ആക്രമണം നടത്തില്ലെന്നും, അയല്‍രാജ്യങ്ങളില്‍ ആക്രണം നടത്തിയതിന് ക്ഷമ ചോദിക്കുന്നുവെന്നും അറിയിച്ചത്. നേരിട്ട് ആക്രമിച്ചാല്‍ മാത്രമാകും പ്രത്യാക്രമണം നടത്തുകയെന്നും പെസെഷ്ക്യന്‍ വ്യക്തമാക്കി.










0 comments