പശ്ചിമേഷ്യൻ സംഘർഷം; വെടിനിർത്തൽ കരാർ നിലവിലുണ്ടെന്ന് ട്രംപ്

ഡൊണാൾഡ് ട്രംപ് | Photo Credit: KENT NISHIMURA / AFP
വാഷിങ്ടൺ : പശ്ചിമേഷ്യയിൽ അക്രമങ്ങൾ തുടരുന്നുണ്ടെങ്കിലും വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെന്ന് ട്രംപ്. ഏപ്രിൽ 8 മുതലാണ് യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ആരംഭിച്ചത്. ഗൾഫ് മേഖലയിൽ യുഎസ് - ഇറാൻ സേനകൾ തമ്മിൽ ഏറ്റുമുട്ടുകയും യുഎഇക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുകയും ചെയ്തു. ഇത് വെടിനിർത്തലിന് വെല്ലുവിളിയായിട്ടുണ്ട്.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ ആക്രമണം നടത്തിയതോടെയാണ് മേഖലയിൽ യുദ്ധം ആരംഭിച്ചത്. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ജലപാതയായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ തിരിച്ചടിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. നിലവിലെ സംഘർഷം അവസാനിപ്പിക്കാനായി കഴിഞ്ഞ മാസം പാകിസ്ഥാന്റെ നേതൃത്വത്തിൽ നടന്ന നേരിട്ടുള്ള ചർച്ചകളിൽ ധാരണയിലെത്താൻ സാധിച്ചിരുന്നില്ല.
ഹോർമുസിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎസ് നാവികസേനയുടെ മൂന്ന് ഡിസ്ട്രോയർ കപ്പലുകൾ ആക്രമിക്കപ്പെട്ടതായും കപ്പലുകൾക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നു ട്രംപ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് വെടിനിർത്തൽ ഇപ്പോഴും നിലവിലുണ്ടെന്ന് ട്രംപ് പറഞ്ഞു. നടന്ന ഏറ്റുമുട്ടലിനെ നിസാരവൽക്കരിക്കുകയും ചെയ്തത്.
അതിനിടെ ഇറാൻ തകർന്നുവെന്ന് ആവർത്തിച്ചു പറയാനും ട്രംപ് മറന്നില്ല."അവർ ഇന്ന് ഞങ്ങളോട് കളിച്ചു, ഞങ്ങൾ അവരെ തകർത്തുകളഞ്ഞു" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ ആർക്കും ഇറാന് മേൽ ആർക്കും കീഴടങ്ങൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇറാനിയൻ ഓയിൽ ടാങ്കറിനെയും മറ്റൊരു കപ്പലിനെയും യുഎസ് ലക്ഷ്യം വെച്ചതായി ഇറാൻ പറയുന്നു. ഹോർമുസ് കടലിടുക്കിലെ ഖേഷ്ം ദ്വീപിലും സമീപ തീരപ്രദേശങ്ങളിലുമുള്ള ജനവാസ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ് വെടിനിർത്തൽ ലംഘിച്ചതായും ഇറാന്റെ സംയുക്ത സൈനിക കമാൻഡ് ആരോപിച്ചു. ഇതിന് മറുപടിയായി കടലിടുക്കിന് കിഴക്കും ചബഹാർ തുറമുഖത്തിന് തെക്കും ഉള്ള യുഎസ് സൈനിക കപ്പലുകളെ ആക്രമിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ഏതാനും മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ നിലവിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 7-ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇരുവിഭാഗങ്ങളും തമ്മിൽ ഇടക്കിടെ വെടിവെപ്പുണ്ടാകാറുണ്ട്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളെ ഇറാൻ പലതവണ ആക്രമിച്ചിരുന്നു. യുഎസ് - ഇസ്രയേൽ സഖ്യം യുദ്ധം ആരംഭിച്ചത് മുതൽ യുഎസ് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ ഇറാൻ പലപ്പോഴും ആക്രമിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ഏഷ്യയിലെ ആദ്യഘട്ട വ്യാപാരത്തിൽ എണ്ണവില വർധിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചു. അതേസമയം യുദ്ധത്തിന് വേഗത്തിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഈ ആഴ്ച ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം അവസാനിച്ചു.










0 comments