ad
Deshabhimani

‘തെറ്റൊന്നും ചെയ്തിട്ടില്ല’; ഒബാമയെ അധിക്ഷേപിച്ച വീഡിയോയിൽ മാപ്പ് പറയില്ലെന്ന് ട്രംപ്

Trump.jpg
വെബ് ഡെസ്ക്

Published on Feb 07, 2026, 07:50 AM | 1 min read

വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.


താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വീഡിയോയുടെ അവസാന ഭാഗത്തുള്ള ആക്ഷേപകരമായ ദൃശ്യങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ട്രംപിന്റെ വിചിത്ര വാദം. നേരത്തെ, വിവാദ വീഡിയോ ട്രംപിന്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിരുന്നു.


ഒരു സ്റ്റാഫിന് പറ്റിയ പിഴവാണിതെന്നും പ്രസിഡന്റ് അറിയാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ ഇതിന് പിന്നാലെയാണ് മാപ്പ് പറയാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയത്.


ആ വീഡിയോയിലെ ജനങ്ങൾക്കിഷ്ടപ്പെടാത്ത ഭാഗം ഞാൻ കണ്ടിരുന്നില്ല, എങ്കിലും അത് ഷെയർ ചെയ്യാൻ താൻ തന്നെയാണ് അനുമതി നൽകിയത് എന്നും ട്രംപ് സമ്മതിച്ചു. ഒബാമ ദമ്പതികളെ കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോക്കെതിരെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പോലും ട്രംപിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.


റിപ്പബ്ലിക്കൻ സെനറ്റർമാരായ ടിം സ്കോട്ട്, റോജർ വിക്കർ എന്നിവർ ട്രംപിന്റെ നടപടിയെ തള്ളിപ്പറഞ്ഞു. എന്നാൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഇതിനെ 'വ്യാജ രോഷം' എന്ന് വിശേഷിപ്പിച്ച് ട്രംപിനെ പ്രതിരോധിക്കാൻ ശ്രമിച്ചതും വലിയ വിവാദമായി. വംശീയ അധിക്ഷേപത്തിലൂടെ ട്രംപ് അമേരിക്കൻ ചരിത്രത്തിലെ വലിയൊരു 'കറ'യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡെമോക്രാറ്റിക് നേതാക്കൾ കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home