ഇന്ത്യയ്‌ക്കു നേരെ തല്ലും തലോടലുമായി ട്രംപ്; ആയുധങ്ങൾ വാങ്ങാൻ പ്രേരണ, അധിക നികുതി ചുമത്തുമെന്ന് ഭീഷണി

photo credit: facebook
ന്യൂഡൽഹി: ഇന്ത്യയ്‌ക്കു നേരെ തല്ലും തലോടലുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ വൈറ്റ്‌ഹൗസ് സന്ദർശിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ ഇന്ത്യയെ ആയുധം വാങ്ങാൻ പ്രേരിപ്പിച്ചിരിക്കുകയാണ് ട്രംപ്.
'ഇന്ന് (തിങ്കളാഴ്‌ച) രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം, മിക്കവാറും ഫെബ്രുവരിയിൽ അദ്ദേഹം വൈറ്റ് ഹൗസിൽ വരാൻ പോകുകയാണ്. ഞങ്ങൾക്ക് ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളത്," ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ തിങ്കളാഴ്ച മോദി-ട്രംപ് ഫോൺ സംഭാഷണത്തിന് ശേഷം ഇന്ത്യാ ഗവൺമെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ട്രംപിനെ കാണാനുള്ള മോദിയുടെ സന്ദർശന ചർച്ചകളെക്കുറിച്ച് പരാമർശമില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും നയതന്ത്രപരമായ ബന്ധവും ശക്തിപ്പെടുത്താൻ ഇരു നേതാക്കളും സന്ദർശന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതായി സംഭാഷണത്തിൽ സൂചിപ്പിച്ചതായി മാത്രമാണ് പറയുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആതിഥേയത്വം വഹിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ഫെബ്രുവരി 10, 11 തീയതികളിൽ പാരീസ് സന്ദർശിച്ചേക്കും. പാരീസ് സന്ദർശനവുമായി ബന്ധപ്പെട്ടാണ് മോദി അമേരിക്കയിലും സന്ദർശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരുടെയും കൂടിക്കാഴ്ചയുടെ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, യുഎസ് നിർമ്മിത സുരക്ഷാ ഉപകരണങ്ങളുടെ സംഭരണം വർധിപ്പിക്കുകയും ഇരുരാജ്യങ്ങളും ന്യായമായ ഉഭയകക്ഷി വ്യാപാര ബന്ധത്തിലേക്ക് നീങ്ങുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ട്രംപ് ഊന്നിപ്പറയുകയുണ്ടായി. അമേരിക്കയിൽനിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ഏറ്റെടുക്കുന്ന കാര്യത്തിൽ മോദി "ശരിയായ നടപടി' സ്വീകരിക്കുമെന്നും ട്രംപ് അറിയിച്ചു.
എന്നാൽ ഈ വേളയിലും നികുതി ഭീഷണി ഉയർത്തിയിരിക്കുകയാണ് ട്രംപ്. അമേരിക്കയ്ക്കുനേരെ ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങൾക്ക് അധിക നികുതി ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഈ അധിക നികുതി ചുമത്തുന്നവരുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഉയർന്ന താരിഫ് ഏർപ്പെടുത്തുന്ന രാജ്യങ്ങളാണന്നും ഇത്തരം രാജ്യങ്ങൾക്കുമേൽ കൂടുതൽ നികുതി ഏർപ്പെടുത്തി അമേരിക്കയുടെ ഖജനാവിലേക്ക് കൂടുതൽ പണമെത്തിച്ച് അമേരിക്കയെ വീണ്ടും സമ്പന്നമാക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു









0 comments