സൊഹ്‌റാൻ മംദാനി ‘കമ്യൂണിസ്റ്റ് ഭ്രാന്തനെ’ന്ന് ട്രംപ്

ന്യൂയോർക്ക്
മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം ഉറപ്പിച്ച ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനി ‘നൂറു ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തനാ’ണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുമ്പും തീവ്ര ഇടതുപക്ഷക്കാർ ഉണ്ടായിരുന്നെങ്കിലും ഡെമോക്രാറ്റുകൾ ഇത്തവണ അതിരുകടന്നെന്നും ട്രംപ് സമൂഹമാധ്യമത്തിൽ വിമർശിച്ചു.
‘മംദാനി കാണാൻ കൊള്ളാത്തവനാണ്. അയാളുടേത് ഭയാനകമായ രൂപവും ഈർഷ്യയുണ്ടാക്കുന്ന ശബ്‌ദവുമാണ്. മണ്ടന്മാരുടെ ഒരുനിര അയാളെ പിന്തുണയ്‌ക്കുന്നു. പലസ്‌തീനുവേണ്ടി കണ്ണീരൊഴുക്കുന്ന എംപി ചക് ഷൂമറും പിന്തുണയ്‌ക്കുന്നു. ഇങ്ങനെയൊരാളെയാണ് ഡെമോക്രാറ്റുകൾ മേയറാക്കുന്നത്. രാജ്യത്തിനിത് ചരിത്രനിമിഷം’–- ട്രംപിന്റെ അധിക്ഷേപം ഇങ്ങനെ തുടർന്നു. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ മംദാനി പലസ്‌തീൻ അനുകൂലിയാണ്. ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്ന് പ്രൈമറി സംവാദത്തിലും പറഞ്ഞിരുന്നു. ഇസ്രയേലിനെയും അവരെ സഹായിക്കുന്ന കമ്പനികളെയും ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിൽ പ്രചാരത്തിലുള്ള ബിഡിഎസ് മൂവ്‌മെന്റിന്റെ പ്രചാരകനാണ്.
ഇന്ത്യൻ സംവിധായിക മീര നായരുടെയും ഉഗാണ്ടയിലെ ഇന്ത്യൻ വംശജനായ മാർക്‌സിസ്റ്റ് പണ്ഡിതൻ മഹ്‌മൂദ് മംദാനിയുടെയും മകനാണ് മുപ്പത്തിമൂന്നുകാരൻ. വിജയിച്ചാൽ ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും മുസ്ലീമുമാകും. നവംബറിലാണ് തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ പാർടിയുടെ കർട്ടിസ് സ്ലിവയും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സിറ്റിങ് മേയറും ഡെമോക്രാറ്റിക് നേതാവുമായ എറിക് ആഡംസുമാകും പ്രധാന എതിരാളികൾ.









0 comments