ഹമാസിന് ട്രംപിന്റെ അന്ത്യശാസനം ; ഗാസയെ ഇടിച്ചുനിരത്തി ഇസ്രയേൽ

ജറുസലേം/വാഷിങ്‌ടൺ
ഏകപക്ഷീയമായി മുന്നോട്ടുവച്ച ‘സമാധാനപദ്ധതി’ നിരുപാധികം അംഗീകരിക്കാൻ ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ഞായറാഴ്‌ച വൈകിട്ട് ആറിനകം തീരുമാനമെടുത്തില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്നാണ് ഭീഷണി. അതേസമയം, ഒഴിഞ്ഞുപോകാൻ പലസ്‌തീൻ ജനതക്ക് അന്ത്യശാസനം നൽകിയ ഇസ്രയേൽ ഗാസ നഗരത്തെ സ്‌ഫോടകവസ്‌തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ നിയന്ത്രിത വാഹനങ്ങൾ ഉപയോഗിച്ച് ഇടിച്ചുനിരത്തുക യാണ്.
കരാറിലെത്തിയില്ലെങ്കിൽ, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിധം എല്ലാ നരകങ്ങളും ഹമാസിനെതിരെ പൊട്ടിത്തെറിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു. ട്രംപിന്റെ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ചചെയ്യുകയാണെന്നും 20 ഇന നിർദേശത്തിൽ തങ്ങളുടെ നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്നും ഹമാസ് നേതൃത്വം അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട്‌ചെയ്‌തു.
ഗാസ മുനമ്പിലുടനീളം വെള്ളിയാഴ്‌ച പുലർച്ചെ മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 49 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ പോഷകാഹാരക്കുറവ് മൂലം കുട്ടി ഉൾപ്പെടെ രണ്ടുപേർകൂടി മരിച്ചു. 2023 ഒക്‌ടോബർ ഏഴു മുതൽ ഇസ്രയേലി ആക്രമണത്തിൽ 66,288 പേർ കൊല്ലപ്പെട്ടു, 169,165 പേർക്ക് പരിക്കേറ്റു.
ഗാസയിലേക്ക് സഹായം എത്തിക്കുന്ന അവസാന ബോട്ടും വെള്ളിയാഴ്‌ച രാവിലെ ഇസ്രയേലി സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഗ്രെറ്റ തുൻബർഗ് ഉൾപ്പെടെ 470-ലധികം പേരിൽ നാല് ഇറ്റാലിയൻ പൗരന്മാരെ ഇസ്രയേലിൽനിന്ന് കയറ്റി അയച്ചു. മറ്റുള്ളവരെ നാടുകടത്താൻ നടപടികൾ തുടരുകയാണെന്ന് വിദേശമന്ത്രാലയം അറിയിച്ചു. സഹായക്കപ്പലുകളെ തടഞ്ഞതിനെതിരെ ആയിരങ്ങൾ വിവിധ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിൽ പ്രകടനം നടത്തി. ഇസ്രയേലിലും യുവജനങ്ങൾ തെരുവിലിറങ്ങി.









0 comments