ട്രംപിന് 'സ്വിഫ്റ്റ്' വക പണി; കളിയാക്കി പങ്കുവച്ച വീഡിയോകൾ നിശബ്ദമാക്കി

വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട വീഡിയോകളിൽ ഉപയോഗിച്ചിരുന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെ പാട്ടുകൾ നീക്കം ചെയ്തു. ട്രംപിന്റെ ‘Team Trump’ ടിക്‌ടോക് അക്കൗണ്ടിൽനിന്നുള്ള നിരവധി വീഡിയോകളിലാണ് സ്വിഫ്റ്റിന്റെ ഗാനങ്ങളുടെ ശബ്ദം ഇപ്പോൾ ലഭ്യമല്ലാത്തത്.
ആഗസ്ത് മൂന്നിന് പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു ഏറ്റവും ശ്രദ്ധ നേടിയത്. ട്രംപും മെലാനിയ ട്രംപും വെടിക്കെട്ട് കാണുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ 2020ലെ 'ആഗസ്ത്' (August) എന്ന ഗാനമാണ് ഉപയോഗിച്ചിരുന്നത്. അതിനൊപ്പം, “പാട്ട് ഉപയോഗിച്ചതിൽ ടെയ്‌ലർ സ്വിഫ്റ്റ് വളരെ ആവേശത്തിലായിരിക്കുമെന്ന് ഉറപ്പാണ്” എന്ന പരിഹാസരൂപത്തിലുള്ള കുറിപ്പും ടീം ട്രംപ് നൽകിയിരുന്നു. വീഡിയോയിൽ സ്വിഫ്റ്റിന്റെ അക്കൗണ്ടും ടാഗ് ചെയ്തിരുന്നു.
എന്നാൽ പിന്നീട് വീഡിയോയിൽ നിന്ന് പാട്ട് അപ്രത്യക്ഷമായി. പകർപ്പവകാശ ഉടമയുടെ അഭ്യർഥനയെ തുടർന്നോ സംഗീതം ഉപയോഗിക്കുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട കാരണങ്ങളാലോ പാട്ട് നീക്കം ചെയ്തതാകാമെന്നാണ് റിപ്പോർട്ടുകൾ.
സംഭവം അവിടെയും അവസാനിച്ചില്ല. സ്വിഫ്റ്റിന്റെ മറ്റ് ഗാനങ്ങൾ ഉപയോഗിച്ചിരുന്ന ട്രംപ് സംഘത്തിന്റെ ചില വീഡിയോകളിൽ നിന്നും പിന്നീട് പാട്ടുകൾ നീക്കം ചെയ്യപ്പെട്ടു. 'ഫാദർ ഫിഗർ' (Father Figure) ഉൾപ്പെടെയുള്ള ഗാനങ്ങൾ ഉപയോഗിച്ച വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, ആഗസ്ത് ആറിന് പങ്കുവച്ച മറ്റൊരു വീഡിയോയിൽ സ്വിഫ്റ്റിന്റെ 'റെഡ്' (Red) എന്ന ആൽബത്തെ തന്നെ രാഷ്ട്രീയ പരിഹാസത്തിനായി ഉപയോഗിച്ചിരുന്നു. ട്രംപിനെ ചുവന്ന ‘മാഗ’ തൊപ്പിയണിഞ്ഞ നിലയിൽ അവതരിപ്പിച്ചുകൊണ്ട്, 'റെഡ്' (Red) എന്ന ആൽബം റിപ്പബ്ലിക്കൻ പാർടിയുടെ നിറത്തെക്കുറിച്ചാണെന്ന തരത്തിലായിരുന്നു പരിഹാസം. സ്വിഫ്റ്റിന്റെ ഗാനങ്ങളുടെ പേരുകളും വരികളും ഉപയോഗിച്ച് ട്രംപിനെ അനുകൂലിക്കുന്നതും ബൈഡൻ-ഹാരിസ് ഭരണത്തിനെതിരെ പരിഹസിക്കുന്നതുമായ സന്ദേശങ്ങളും ട്രംപ് സംഘം നേരത്തെ പ്രചരിപ്പിച്ചിരുന്നു.
ഇതിന് മുമ്പും ട്രംപ് സംഘത്തിന്റെ സമൂഹമാധ്യമങ്ങളിലെ വീഡിയോകളിൽ സ്വിഫ്റ്റിന്റെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നു. ഏപ്രിലിൽ വൈറ്റ് ഹൗസ് പങ്കുവെച്ച ഒരു വീഡിയോയിൽ ഹൈ ഇൻഫിഡിലിറ്റി (High Infidelity) എന്ന ഗാനവും ഉപയോഗിച്ചു. പിന്നീട് സ്വിഫ്റ്റിന്റെ ‘The Fate of Ophelia’ ഉൾപ്പെടെയുള്ള ഗാനങ്ങളും ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ട വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു.
സ്വിഫ്റ്റും ട്രംപും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത പുതിയതല്ല. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായ കമല ഹാരിസിനെ സ്വിഫ്റ്റ് പരസ്യമായി പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപ് സ്വിഫ്റ്റിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും “ഞാൻ സ്വിഫ്റ്റിനെ വെറുക്കുന്നു” എന്ന് സാമൂഹികമാധ്യമത്തിൽ കുറിക്കുകയും ചെയ്തു. 2025ലും സ്വിഫ്റ്റിന്റെ ജനപ്രീതിയെ പരിഹസിച്ചുകൊണ്ട് ട്രംപ് പ്രതികരിച്ചിരുന്നു.
ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ട വീഡിയോകളിൽ തങ്ങളുടെ സംഗീതം ഉപയോഗിക്കുന്നതിനെതിരെ രംഗത്തെത്തിയ കലാകാരന്മാരിൽ സ്വിഫ്റ്റ് മാത്രമല്ല ഉള്ളത്. അരിയാന ഗ്രാൻഡെ, കാറ്റി പെറി, സബ്രീന കാർപെന്റർ തുടങ്ങിയവരും തങ്ങളുടെ ഗാനങ്ങൾ രാഷ്ട്രീയ സന്ദേശങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നതിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.
ജൂലൈയിൽ ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് പങ്കുവെച്ച വീഡിയോയിൽ കാറ്റി പെറിയുടെ ഫയർവർക്ക് (Firework) ഉപയോഗിച്ചതും വിവാദമായിരുന്നു. അമേരിക്കൻ സൈനിക ആക്രമണങ്ങളുടെ ദൃശ്യങ്ങൾക്കൊപ്പം തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെ കാറ്റി പെറി ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. അതുപോലെ, കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വൈറ്റ് ഹൗസ് വീഡിയോയിൽ തന്റെ ബൈ (Bye) എന്ന ഗാനം ഉപയോഗിച്ചതിനെതിരെ അരിയാന ഗ്രാൻഡെയും പ്രതികരിച്ചിരുന്നു.
ഇപ്പോഴത്തെ സംഭവത്തിൽ സ്വിഫ്റ്റിന്റെ പ്രതിനിധികളോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ സ്വിഫ്റ്റിന്റെ ഗാനങ്ങൾ ഉപയോഗിച്ചിരുന്ന ട്രംപ് സംഘത്തിന്റെ വീഡിയോകളിൽ ഒന്നിന് പിന്നാലെ ഒന്നായി പാട്ടുകൾ നീക്കം ചെയ്യപ്പെട്ടു എന്നത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.









0 comments