Deshabhimani

കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടി; നയം തിരിച്ചടിയായെന്ന് സമ്മതിച്ച് ട്രംപ്

donald trump
വെബ് ഡെസ്ക്

Published on Nov 09, 2026, 08:07 PM | 1 min read

വാഷിങ്ടൺ: അമേരിക്കയിൽ കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള നടപടി അതിരുകടന്നതായി സമ്മതിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികൾ രാഷ്ട്രീയമായി തിരിച്ചടിയായെന്നും ചിലർക്ക് രാജ്യത്ത് തുടരാൻ അവസരമൊരുക്കുന്ന കാര്യത്തിൽ ഡെമോക്രാറ്റുകളുമായി ധാരണയിലെത്താൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ വൻ പരാജയത്തിന് പിന്നാലെയാണ് കുടിയേറ്റനയത്തിൽ ട്രംപിന്റെ നിലപാടുമാറ്റം.


സിബിഎസ് ടെലിവിഷന്റെ '60 മിനിറ്റ്‌സ്' പരിപാടിയിൽ ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾ അതിരുകടന്നോയെന്ന ചോദ്യത്തിന്, നടപടികൾ കടുത്തുപോയെന്ന് കരുതുന്നതായി ട്രംപ് മറുപടി നൽകി. സാധാരണ കുടിയേറ്റക്കാരെ നാടുകടത്തിയത് തിരിച്ചടിയായെന്നും ട്രംപ് സമ്മതിച്ചു. അമേരിക്കയിൽ വർഷങ്ങളായി താമസിക്കുകയും ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന കുടിയേറ്റക്കാർക്ക് രാജ്യത്ത് തുടരാൻ അവസരം നൽകുന്നതിനെക്കുറിച്ച് ചർച്ച നടത്താമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്.


ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനുശേഷം യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) നടത്തിയ വ്യാപക റെയ്ഡുകൾ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മിനിയാപൊളിസിൽ കുടിയേറ്റ പരിശോധനകളുമായി ബന്ധപ്പെട്ട നടപടികൾക്കിടെ രണ്ട് അമേരിക്കൻ പൗരന്മാർ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതും വിവാദമായിരുന്നു. എന്നാൽ, കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികളുടെ മുഖ്യ ആസൂത്രകനായ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി ഉയർത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home