ad
Deshabhimani

അഫ്ഗാനിസ്ഥാനിൽ അഭയാർഥികളുമായി പോയ ട്രക്ക് അപകടത്തിൽപ്പെട്ടു; 22 മരണം

truck overturns

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on May 30, 2026, 08:20 PM | 1 min read

കാബൂൾ : കിഴക്കൻ അഫ്​ഗാനിസ്ഥാനിൽ അഭയാർത്ഥികളുമായി പോയ ട്രക്ക് അപകടത്തിൽപ്പെട്ട് 22 പേർ മരിച്ചു. അയൽരാജ്യമായ പാകിസ്ഥാനിൽ നിന്ന് മടങ്ങുകയായിരുന്ന അഫ്ഗാൻ അഭയാർത്ഥികളെ വഹിച്ചുകൊണ്ടുള്ള ട്രക്കാണ് ശനിയാഴ്ച കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹൈവേയിൽ വച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 36 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതർ പറഞ്ഞു.


അഫ്ഗാൻ തലസ്ഥാനമായ കാബൂളിനെ നംഗർഹാർ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ലാഗ്മാൻ പ്രവിശ്യയിലാണ് അപകടം നടന്നതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അബ്ദുൾ മാലിക് നിയാസായി പറഞ്ഞു. മരിച്ചവരിൽ 10 കുട്ടികളും അഞ്ച് സ്ത്രീകളും ഉണ്ടെന്നും പരിക്കേറ്റവരെ നംഗർഹാറിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നും വക്താവ് പറഞ്ഞു. 22 പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യാ പൊതുജനാരോഗ്യ ഡയറക്ടർ അമിനുല്ല ഷെരീഫ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് ട്രക്ക് കുഴിയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.


കുടിയേറ്റക്കാർക്കെതിരെ കർശന നടപടി ആരംഭിച്ച പാകിസ്ഥാനിൽ നിന്ന് മടങ്ങിയ നിരവധി അഫ്ഗാനികളാണ് വാഹനത്തിലുണ്ടായിരുന്നത്. 2023 മുതലാണ് പാകിസ്ഥാൻ കുടിയേറ്റ നിരോധനം ശക്തമാക്കിയത്. ഏകദേശം ഇതേ സമയത്തുതന്നെയാണ് ഇറാൻ അഫ്ഗാൻ കുടിയേറ്റക്കാരെ പുറത്താക്കുന്നത് ശക്തമാക്കിയത്. പിന്നാലെ ദശലക്ഷക്കണക്കിന് അഫ്ഗാനികൾ ഇരു രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങി. പാകിസ്ഥാനിൽ ജനിച്ച് പതിറ്റാണ്ടുകളായി അവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തവരും ഇതിൽ ഉൾപ്പെട്ടിരുന്നു.


കിഴക്കൻ പ്രവിശ്യയായ നൂറിസ്ഥാനിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ മറ്റൊരു അപകടത്തിൽ കാർ റോഡിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേൽക്കുകയും നാല് യാത്രക്കാരെ കാണാതാവുകയും ചെയ്തുവെന്ന് ഗവർണറുടെ ഓഫീസ് ശനിയാഴ്ച അറിയിച്ചു. നാലുപേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുകയാണെന്നും ഓഫീസ് അറിയിച്ചു. മോശമായ റോഡുകളും ഗതാഗത നിയമങ്ങൾ പാലിക്കാത്തതും കാരണം അഫ്​ഗാനിസ്ഥാനിൽ വാഹനാപകടങ്ങളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിലായി വർധിച്ചതായാണ് റിപ്പോർട്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home