പാക് – അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു, 15 പേർ കൊല്ലപ്പെട്ടു

കാബൂൾ: പാകിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ ശനിയാഴ്ച രാത്രി അഫ്ഗാൻ സൈന്യം നടത്തിയ “പ്രതികാര ഓപ്പറേഷനി”ൽ പതിനഞ്ച് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി കാബൂൾ ആസ്ഥാനമായുള്ള വാർത്താ ഏജൻസി ഹുറിയത്ത് റേഡിയോ റിപ്പോർട്ട് ചെയ്തു.
ബഹ്‌റാംച ജില്ലയിലെ ഡ്യൂറണ്ട് ലൈനിന് സമീപമാണ് അഫ്ഗാൻ സൈന്യം ഓപ്പറേഷൻ നടത്തിയതെന്ന് അഫ്ഗാനിസ്ഥാന്റെ ഹെൽമണ്ട് പ്രവിശ്യാ സർക്കാരിന്റെ വക്താവ് മൗലവി മുഹമ്മദ് ഖാസിം റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിനിടെ അഫ്ഗാൻ സൈന്യം മൂന്ന് പാകിസ്ഥാൻ സുരക്ഷാ പോസ്റ്റുകളും പിടിച്ചെടുത്തതായും അവകാശപ്പെട്ടു.
ഓപ്പറേഷനിൽ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായി റിയാസ് കൂട്ടിച്ചേർത്തു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യാഴാഴ്ച രണ്ട് സ്ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊരു സ്ഫോടനവും നടന്നിരുന്നു. പാക്ക്–അഫ്ഗാൻ അതിർത്തി പ്രദേശത്തെ ചന്തയിലും സ്ഫോടനമുണ്ടായി. ഈ ആക്രമണങ്ങൾക്കു പിന്നിൽ പാക്കിസ്ഥാനാണെന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു.
അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിൽ സന്ദർശനത്തിലാണ്. ഇതിനിടയിലാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായി താലിബാൻ സേന പറഞ്ഞു, അതേസമയം നിരവധി അഫ്ഗാൻ പോസ്റ്റുകൾ തങ്ങളുടെ സൈന്യം നശിപ്പിച്ചതായി പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അഫ്ഗാൻ ആക്രമണങ്ങൾ "പ്രകോപനമില്ലാതെ" ആയിരുന്നുവെന്നും സാധാരണക്കാർക്ക് നേരെ വെടിയുതിർത്തതായും പാകിസ്ഥാൻ പ്രതികരിച്ചു. തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. പാകിസ്ഥാനെ ലക്ഷ്യമിടുന്ന ഭീകരർക്ക് കാബൂൾ അഭയം നൽകുന്നുവെന്നും ആരോപിച്ചു.









0 comments