അഫ്ഗാനിസ്ഥാനിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഏർപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് നിരോധനം പിൻവലിച്ച് താലിബാൻ സർക്കാർ. താലിബാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് നിരോധനത്തിലായിരുന്ന ഇന്റർനെറ്റ്, ടെലികോം സംവിധാനങ്ങൾ പുനഃസ്ഥാപിച്ചത്. നിലവിൽ രാജ്യത്ത് ഭാഗികമായി ഇന്റർനെറ്റ് പുനഃസ്ഥാപിക്കുകയാണ് ഉണ്ടായത്.
ബുധനാഴ്ച്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചതായി ഖത്തറിലെ മുന്‍ താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീന്‍ പറഞ്ഞു. നിരോധനം പിൻവലിച്ചതോടെ ജനങ്ങൾ കബൂക് നഗരത്തിൽ ഒത്തുകൂടി ആഹ്ലാദപ്രകടനം നടത്തി. കഴിഞ്ഞ മാസം ആദ്യം തന്നെ ഇന്റർനെറ്റിന്റെ വേഗത കുറച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന താലിബാൻ സർക്കാർ തിങ്കളാഴ്ചയാണ് പൂർണമായ ഇന്റർനെറ്റ് നിരോധനം കൊണ്ടുവന്നത്.
അഫ്ഗാനിലെ ടെലിഫോണ്‍ സേവനവും അതേ ഫൈബര്‍ ലൈനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്റർനെറ്റ് നിരോധനത്തോടൊപ്പം തന്നെ ഫോൺ കണക്ഷനും തകരാറിലായിരുന്നു. ഇന്റർനെറ്റ് ഉപയോഗം തിന്മയാണെന്ന് പറഞ്ഞ് താലിബാൻ നേതൃത്വം ഇടയ്ക്ക് നിരോധനം ഏർപ്പെടുത്താറുണ്ട്. രാജ്യത്തിനകത്ത് ഒരു ബദൽ സംവിധാനം കൊണ്ടുവരുമെന്ന വാദത്തോടുകൂടിയാണ് നിരോധനം. പെട്ടെന്നുള്ള ഇന്റർനെറ്റ് നിരോധനം ബാങ്കുകളുടെയും വിമാനത്താവളങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.









0 comments