വീണ്ടും നിരോധനം; അഫ്‌ഗാനിൽ ചെസ് വിലക്കി താലിബാൻ

കാബൂൾ: മതനിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അഫ്‌ഗാനിസ്ഥാനിൽ ചെസ് കളി നിരോധിച്ച് താലിബാൻ. ചെസിന് ചൂതാട്ടവുമായി ബന്ധമുണ്ടെന്നും അത് രാജ്യത്തെ ധാർമിക നിയമങ്ങളുടെ കർശനമായ ലംഘനമാണെന്നും താലിബാൻ പറഞ്ഞു. 'ഇസ്ലാമിക നിയമ (ശരീഅത്ത്) പ്രകാരം ചെസിനെ ചൂതാട്ടമായോ അതിനുള്ള മാർഗമായോ കണക്കാക്കപ്പെടുന്നു,' ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് ഡയറക്ടറേറ്റിന്റെ വക്താവ് അടൽ മഷ്വാനി പറഞ്ഞതായി ഫ്രാൻസ്24 ന്റെ റിപ്പോർട്ട് ചെയ്തു.
'ചെസിനെക്കുറിച്ചുള്ള ഈ ആശങ്കകൾ പരിഗണിക്കുന്നതുവരെ, അഫ്ഗാനിസ്ഥാനിൽ ചെസ്സ് താൽക്കാലികമായി നിർത്തിവക്കും," അടൽ മഷ്വാനി പറഞ്ഞു. ചെസിന്റെ മറവിൽ ചൂതാട്ടം നടന്നിട്ടില്ലെന്ന് കാബൂളിൽ അനൗപചാരിക ചെസ് മത്സരങ്ങൾ പതിവായി നടന്നിരുന്ന കഫേയുടെ ഉടമ അസീസുള്ള ഗുൽസാദ പറഞ്ഞു. പല മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും ചെസ് കളിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2021 ൽ അധികാരം അധികാരം പിടിച്ചെടുത്തതുമുതൽ താലബാൻ പല നിരോധനങ്ങളും രാജ്യത്ത് കൊണ്ടുവന്നിരുന്നു. സ്ത്രീകൾക്ക് കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് രാജ്യത്ത് വലിയതോതിൽ വിലക്കുണ്ട്. കഴിഞ്ഞ വർഷം താലിബാൻ പ്രൊഫഷണൽ മിക്സഡ് ആയോധന കലകൾ വളരെ നിരോധിച്ചിരുന്നു.
1996 മുതൽ 2001 വരെയുള്ള താലിബാൻ മുൻ ഭരണത്തിൻ കീഴിൽ ടെലിവിഷനിൽ ജീവജാലങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് നിരോധിച്ചിരുന്നു. ജീവനുള്ളവയെ ചിത്രീകരിക്കുക, പരസ്യങ്ങളിൽ മുഖം മറയ്ക്കുക, മാനിക്വിൻ തലകൾ മറയ്ക്കുക, റെസ്റ്റോറന്റ് മെനുകളിൽ മത്സ്യത്തിന്റെ കണ്ണുകൾ മങ്ങിക്കുക എന്നിങ്ങനെയുള്ള സെൻസർഷിപ്പ് നിയമങ്ങൾ താലിബാൻ നടപ്പാക്കിയിട്ടുണ്ട്.









0 comments