മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി ലംഘിക്കുന്നത്‌ തടയണം: ഇന്ത്യയോട്‌ അഭ്യർഥിച്ച്‌ ശ്രീലങ്ക

sreelankan flag
വെബ് ഡെസ്ക്

Published on Mar 06, 2025, 12:08 PM | 1 min read

കൊളംബോ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനത്തിന്‌ പ്രവേശിക്കുന്നത് തടയണമെന്ന് അഭ്യർഥിച്ച്‌ ശ്രീലങ്ക. മത്സ്യത്തൊഴിലാളികൾ പലപ്പോഴും അറിയാതെയാണ് മീൻ പിടിക്കാൻ സമുദ്രാതിർത്തി ലംഘിക്കുന്നത്. അതിർത്തി ലംഘിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ ഇന്ത്യ സ്വീകരിക്കേണ്ടതുണ്ടെന്ന് ശ്രീലങ്കയുടെ ഗതാഗത, ഹൈവേ, തുറമുഖ, സിവിൽ വ്യോമയാന മന്ത്രി ബിമൽ രത്നായകെ പറഞ്ഞു. വടക്കൻ ശ്രീലങ്കയിലെ ജനങ്ങളുടെ ഏക ഉപജീവനമാർഗം മത്സ്യബന്ധനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


'ഇന്ത്യ ശ്രീലങ്കയെ വളരെയധികം സഹായിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ജാഫ്നയിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യചെയ്യുന്ന ഈ സഹായമായിരിക്കും ഏറ്റവും വലുത്. അവരുടെ ആകെയുള്ള ഉപജീവനമാർഗം മത്സ്യ ബന്ധനമാണ്‌. അവർക്ക് വേറെ വ്യവസായമൊന്നുമില്ല, മാന്നാറിലും തലൈമന്നാറിലും പോയാൽ അത്‌ കാണാം.'രത്‌നായക ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു. എൽടിടിഇയുമായുള്ള സായുധ പോരാട്ടത്തിൽ വടക്കൻ ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യ വളരെയധികം സഹായം നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇന്ത്യയ്ക്ക്‌ ആ ജനതയോട്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സഹായം ആ ജനതയെ അവരുടെ ഉപജീവനമാർഗം സംരക്ഷിക്കാൻ സഹായിക്കുക എന്നതാണ്.


ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ശ്രീലങ്ക സന്ദർശിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് രത്‌നായകയുടെ പരാമർശം. നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ മത്സ്യത്തൊഴിലാളി വിഷയം ശ്രീലങ്കൻ സർക്കാർ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ എംപി മനോ ഗണേശൻ പറഞ്ഞു.


2024 ൽ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് 550 ൽ അധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കൻ നാവികസേന അറിയിച്ചിരുന്നു. ഈ വർഷം ഇതുവരെ 130 ൽ അധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ്‌ അറസ്റ്റ് ചെയ്തിട്ടുള്ളത്‌.


ഏപ്രിൽ ആദ്യം മോദി ശ്രീലങ്ക സന്ദർശിക്കാൻ സാധ്യതയുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. ഈ സന്ദർശനത്തോടെ നാലാമത്തെ തവണയായിരിക്കും അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുക. മുമ്പ്, 2015, 2017, 2019 വർഷങ്ങളിൽ മോദി ശ്രീലങ്ക സന്ദർശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home