ദക്ഷിണ കൊറിയയിൽ കാർ പാർട്‌സ് നിർമ്മാണ ശാലയിലെ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

സോൾ: ദക്ഷിണ കൊറിയയിലെ ദെജിയോണിലുള്ള കാർ പാർട്‌സ് നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ പത്ത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തിൽ 59 പേർക്ക് പരിക്കേറ്റു. ഇതിൽ 25 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്. അപകടസമയത്ത് ഏകദേശം 170-ഓളം തൊഴിലാളികൾ പ്ലാന്റിൽ ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
തീപിടിത്തത്തെത്തുടർന്ന് കെട്ടിടം തകരാൻ സാധ്യതയുള്ളതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് ആദ്യഘട്ടത്തിൽ ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ, കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന 200 കിലോഗ്രാം സോഡിയം പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളത് രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണ്ണമാക്കി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രസിഡന്റ് ലീ ജെ മ്യുങ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ലഭ്യമായ എല്ലാ സജ്ജീകരണങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായവർക്കായി തിരച്ചിൽ തുടരുന്നു.









0 comments