ഗ്രെറ്റ തൻബർഗ് ദേഷ്യക്കാരി, ചികിത്സ വേണമെന്ന് ട്രംപ്

വാഷിങ്ടണ്‍: കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തൻബർഗ് പ്രശ്‌നക്കാരിയും കോപം നിയന്ത്രിക്കുന്നത് സംബന്ധിച്ച തകരാറുള്ളവളുമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തൻബർഗിന് ദേഷ്യം നിയന്ത്രിക്കുന്നതില്‍ പ്രശ്‌നമുണ്ട്. ആവർ ഒരു ഡോക്ടറെ കാണണം. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ അവളെ ശ്രദ്ധിച്ചവര്‍ക്കെല്ലാം അക്കാര്യം മനസ്സിലാവുമെന്നും ട്രംപ് പറഞ്ഞു. തൻബർഗിന്റെ രാഷ്ട്രീയപ്രവർത്തനം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തൻബർഗിന് ദേഷ്യം നിയന്ത്രിക്കുന്നത് സംബന്ധിച്ച പ്രശ്‌നമുണ്ടെന്ന് ട്രംപ് കഴിഞ്ഞ ജൂണിലും പറഞ്ഞിരുന്നു. ഇസ്രയേല്‍ സേന തടഞ്ഞ ബ്രിട്ടീഷ് പതാകയുള്ള 'മദ്‌ലീന്‍' എന്ന കപ്പലില്‍ ഇസ്രയേലില്‍ എത്താനുള്ള തൻബർഗിന്റെ ശ്രമത്തെയും ട്രംപ് വിമര്‍ശിച്ചു.
അതേസമയം, ഇസ്രയേല്‍ പുറത്താക്കിയതിനു പിന്നാലെ ഗ്രീസിലെ ഏഥന്‍സിലെത്തിയ തൻബർഗിനെ ആയിരങ്ങളാണ് വരവേറ്റത്. ആര്‍പ്പുവിളികളോടെ ജനക്കൂട്ടം അവരെ സ്വാഗതംചെയ്തു. ഗാസയിലെ നാവിക ഉപരോധം ഭേദിക്കാന്‍ ശ്രമിച്ച ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയെ ഇസ്രയേല്‍ സേന തടഞ്ഞപ്പോള്‍ അറസ്റ്റിലായ 479 പേരില്‍ തൻബർഗുമുണ്ടായിരുന്നു. ഇവരുള്‍പ്പെടെ 171 പേരെ ഇസ്രയേല്‍ തിങ്കളാഴ്ച നാടുകടത്തി. തടവില്‍ തൻബർഗിനോട് മോശമായി പെരുമാറിയെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍, ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിച്ചു.









0 comments