ഇരകൾ കുഞ്ഞുങ്ങളും പ്രായമായവരും

യുദ്ധത്തെക്കാൾ മനുഷ്യർ കൊല്ലപ്പെടുന്നത് ഉപരോധങ്ങളിൽ, ഓരോ വർഷവും അഞ്ച് ലക്ഷം മരണങ്ങൾ

p1
avatar
എൻ എ ബക്കർ

Published on Aug 04, 2025, 03:55 PM | 3 min read

ലോകത്ത് യുദ്ധങ്ങളെക്കാൾ മനുഷ്യത്വ വിരുദ്ധവും ഹീനമായ മരണകാരിയും ആയിത്തീരുന്നത് ഉപരോധങ്ങളെന്ന് പഠനം. 2010 മുതൽ 2021 വരെ ഉപരോധങ്ങൾ കാരണം വർഷം തോറും അഞ്ച് ലക്ഷം മരണങ്ങൾ എങ്കിലും സംഭവിച്ചതായി ലാൻസെറ്റ് തയാറാക്കിയ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.


2021 വരെയുള്ള പത്ത് വർഷങ്ങളിൽ ഓരോവർഷവും ശരാശരി 5,64,258 മരണങ്ങൾക്ക് ഉപരോധങ്ങൾ കാരണായി. നേരിട്ട് ആയുധം ഉപയോഗിച്ചുള്ള യുദ്ധത്തിലും ആക്രമണങ്ങളിലും മരണപ്പെടുന്നതിന്റെ എണ്ണത്തേക്കാൾ അഞ്ചിരട്ടിയോളമാണ് ഇത്.


ദശകങ്ങളായി നിലനിൽക്കുന്ന ഉപരോധ തന്ത്രങ്ങൾ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റിയുള്ള ഡാറ്റാ പഠനമാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തെത്തിക്കുന്നത്. ഇതര രാജ്യങ്ങൾക്ക് മേലുള്ള സാമ്രാജ്യത്വ അധീശത്വം നിലനിർത്താനുള്ള യുദ്ധാതീത ആക്രമണ തന്ത്രമായി ഉപരോധങ്ങൾ പ്രയോഗിക്കപ്പെടുന്നു.


പലസ്തീനിലെ പട്ടിണിക്കിട്ടു കൊല്ലൽ തന്ത്രം


ലസ്തീനിൽ ഇസ്രയേലും അമേരിക്കൻ ഐക്യ കക്ഷികളും ഒത്ത് ചേർന്ന് നടപ്പാക്കുന്ന സായുധ അധിനിവേശവും ഉപരോധ തന്ത്രവും സമകാല ലോകത്തിലെ ഏറ്റവും വലിയ ക്ഷാമത്തിന് കാരണമാക്കിയിരിക്കയാണ്. പോഷകാഹാര കുറവും പട്ടിണിയും മൂലമുള്ള മരണം എക്കാലത്തെയും വലിയ ദുരന്തമായിരിക്കയാണെന്ന് ഐക്യരാഷ്ട്ര സഭ തന്നെ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ ഉപരോധ തന്ത്രം മനുഷ്യരെ എങ്ങിനെ ബാധിക്കുന്നു എന്ന പഠന റിപ്പോർട് പുറത്ത് വരുന്നത്.


ഗാസ കടുത്ത ക്ഷാമ ഭീഷണി നേരിടുന്നുവെന്നും, മൂന്നിൽ ഒരാൾ ഭക്ഷണമില്ലാതെ ദിവസങ്ങൾ കടന്നുപോകുന്ന സാഹചര്യമാണെന്നും വെള്ളിയാഴ് യുണിസെഫ് മുന്നറിയിപ്പ് നൽകി. ആംനസ്റ്റി ഇന്റർനാഷണൽ, ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (എംഎസ്എഫ്), ഓക്‌സ്ഫാം എന്നിവയുൾപ്പെടെ നൂറിലധികം മാനുഷിക സംഘടനകൾ കഴിഞ്ഞ ആഴ്ച ഗാസയിലുടനീളം "വൻതോതിലുള്ള പട്ടിണി" പടരുകയാണെന്ന് ചൂണ്ടികാട്ടി രംഗത്തെത്തി.


p


സ്രായേൽ നാല് മാസത്തിലേറെയായി ഉപരോധം വഴി സഹായങ്ങൾ തടയുന്നത് തുടരുന്നതിനാൽ ഭക്ഷണവും ആരോഗ്യ സംവിധാനങ്ങളും ജനങ്ങളിൽ എത്തിച്ചേരുന്നില്ല.


ഗാസ മുനമ്പിൽ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമാണ് ഗാസ സിറ്റി. അവിടെ അഞ്ച് വയസ്സിന് താഴെയുള്ള അഞ്ചിൽ ഒരാൾക്ക് ഇപ്പോൾ പോഷകാഹാരക്കുറവുണ്ടെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കണ്ടെത്തി.


ഗാസയിലെ ആയിരക്കണക്കിന് പലസ്തീനികൾ "വിനാശകരമായ വിശപ്പിന്റെ വക്കിലാണെന്നും" എൻക്ലേവിലെ മൂന്നിൽ ഒരാൾ ഭക്ഷണമില്ലാതെ ദിവസങ്ങൾ കടന്നുപോകുന്നുവെന്നും ലോക ഭക്ഷ്യ പരിപാടി (ഡബ്ല്യുഎഫ്‌പി) മുന്നറിയിപ്പ് നൽകി.


ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് പറയുന്നതനുസരിച്ച്, ഗാസ മുനമ്പിലെ മൊത്തം 1.1 ദശലക്ഷം കുട്ടികളിൽ അഞ്ച് വയസ്സിന് താഴെയുള്ള 650,000-ത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ ആസന്നവും ഗുരുതരവുമായ അപകടസാധ്യത നേരിടുന്നു.


നിലവിൽ, ഗാസയിലെ ഏകദേശം 1.25 ദശലക്ഷം ആളുകൾ വിനാശകരമായ പട്ടിണിയിലാണ് ജീവിക്കുന്നത്. ജനസംഖ്യയുടെ 96% പേരും ഒരു ദശലക്ഷത്തിലധികം കുട്ടികൾ ഉൾപ്പെടെ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു.


കഴിഞ്ഞ ആഴ്ച പുറത്തു വന്ന കണക്കിൽ പലസ്തീനിൽ 169 പേർ പട്ടിണി മൂലം മരിച്ചു. ഇതിൽ 93 പേർ കുട്ടികളാണ്. ഈ സാഹചര്യത്തിൽ ഇസ്രയേലിനോടുള്ള അമേരിക്കൻ സഖ്യ രാജ്യങ്ങളുടെ നിലപാട് റിപ്പോർട് തുറന്നു കാണിക്കുന്നു.


സാമ്പത്തികവും സൈനികവുമായ ഉപരോധങ്ങൾ


ഴിഞ്ഞ ദശാബ്ദത്തിൽ ലോകത്തിലെ നാലിൽ ഒന്ന് രാജ്യങ്ങളെയും ഉപരോധം നേരിട്ട് ബാധിച്ചതായി റിപ്പോർട് വ്യക്തമാക്കുന്നു. ഇവയിൽ ഭൂരിപക്ഷവും യുനൈറ്റഡ് സ്റ്റേറ്റ്സും അതിന്റെ യൂറോപ്യൻ സഖ്യ സഹായ രാജ്യങ്ങളും നടത്തിയ ഉപരോധങ്ങൾ കാരണമായിരുന്നു. ക്യൂബ പോലുള്ള പ്രതിരോധ നയങ്ങളുള്ള രാജ്യങ്ങൾ മാത്രമാണ് ഇതിനോട് ചെറുത്ത് നിന്നത്. ഉപരോധങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്നും, അതിനാൽ ഇത്തരം ഉപായങ്ങൾ ഉപേക്ഷിക്കണമെന്നും റിപ്പോർട് ചൂണ്ടി കാണിക്കുന്നു. കുട്ടികളെയും പ്രായമായവരെയുമാണ് ഇത് ഏറ്റവും അധികം ബാധിക്കുന്നത്.

l1

"യുദ്ധം അവസാനിപ്പിക്കാൻ, മനുഷ്യാവകാശം സംരക്ഷിക്കാനോ, ജനാധിപത്യം വളർത്താനോ" എന്നാണ് ഉപരോധങ്ങളുടെ ലക്ഷ്യം വിശദീകരിക്കപ്പെടുന്നത്. എന്നാൽ അതിന്റെ വിപരീതമാണ് സംഭവിക്കുന്നത്. ഭക്ഷണവസ്തുക്കൾ, മരുന്നുകൾ, വൈദ്യ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി തടസ്സപ്പെടുത്തുന്നതിനും, പൊതുവിതരണത്തിൽ വെട്ടിച്ചുരുക്കം വരുത്തുന്നതിനും ഉപരോധങ്ങൾ കാരണമാവുന്നു. ആരോഗ്യപ്രവർത്തന സംവിധാനങ്ങൾ തകരാറിലാകുന്നു. ഉപരോധം തന്നെ യുദ്ധത്തെക്കാൾ മാരകമായ പ്രഹരമാവുന്നു.

 l2


വെനിസ്വേലയിൽ ഏകപക്ഷീയമായ ഉപരോധങ്ങൾ ജനങ്ങളുടെ മൊത്തമായ ജീവിതം തകർത്ത സാഹചര്യമായിരുന്നു. ഇത് സംഘടിതമായ ശിക്ഷ എന്ന നിലയിലേക്ക് മാറി. എച്ച്ഐവി, കാൻസർ അടക്കമുള്ള ദീർഘകാല രോഗങ്ങൾക്കുള്ള ചികിത്സ പോലും മുടക്കി.


കോവിഡ്-19 മഹാമാരി വന്നപ്പോഴാണ് ഈ സാഹചര്യം കൂടുതൽ ക്രൂരമായി പ്രത്യക്ഷമായത്. വെനിസ്വേലയേയും ഇറാനേയും പോലെ രാജ്യങ്ങൾ പരിശോധനാ കിറ്റുകൾ, വാക്സിൻ വിഭവങ്ങൾ, വാക്സിനുകൾ എന്നിവ ലഭ്യമാക്കാൻ കഴിയാതെ ദീർഘകാല പ്രതിസന്ധി നേരിട്ടു. ഒരു തരത്തിൽ ഇത്തരം രാജ്യങ്ങളോടും അതുവഴി അവിടത്തെ മനുഷ്യ ജീവനോടുമുള്ള അവഗണനയും അകറ്റി നിർത്തലുമായി. റിപ്പോർട് കണ്ടെത്തുന്നു.

 

"1970 മുതൽ 2021 വരെ ഉണ്ടായ ഉപരോധങ്ങളുടെ ഡാറ്റ പരിശോധിച്ചതിൽ മരിച്ചവരിൽ 51% കുഞ്ഞുങ്ങളാണ്. അവരിൽ തന്നെ അഞ്ച് വയസ്സിൽ താഴെയുള്ളവരാണ് കൂടുതലും ഇരയാക്കപ്പെട്ടത്. ഇഞ്ച് ഇഞ്ചായുള്ള മരണമാണ് ഉപരോധം വിധിക്കുന്നത്. ഭക്ഷണവും മരുന്നും ആരോഗ്യസംവിധാനങ്ങളും ലഭ്യമാകാതെ നീണ്ടുനിൽക്കുന്ന കഷ്ടതയുടെ ഒടുക്കമായാണ് മരണം വരുന്നത്.


അമേരിക്കയും സഖ്യ രാജ്യങ്ങളും


ഉപരോധങ്ങളിൽ ഭൂരിപക്ഷവും യുഎസും യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ഇല്ലാതെ ഏക പക്ഷീയമായി പ്രാബല്യത്തിൽ കൊണ്ടുവന്നവയാണ്. പ്രത്യേകിച്ച് അമേരിക്ക പ്രാബല്യത്തിൽ വരുത്തിയ ഉപരോധങ്ങളിലാണ് ഏറ്റവും അധികം മരണങ്ങൾ സംഭവിച്ചിട്ടുള്ളത്.


ഇതര രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമ്പോൾ സമാന പ്രശ്നങ്ങളിലും സാഹചര്യങ്ങളിലും ആയിരുന്നാലും യുഎസ് സഖ്യ രാജ്യങ്ങൾക്കെതിരെ ഇത്തരം വിലക്കുകൾ ഉണ്ടാവാറില്ല.


protest


ഗാസയിലെ വംശീയ യുദ്ധത്തിൽ 60,000-ലധികം പേരെ കൊന്നു. ഭക്ഷണത്തിനും സഹായത്തിനും കാത്തുനിൽക്കുന്നവരെ വരെ പോലും കൊല്ലുന്ന സാഹചര്യമാണ്. എങ്കിലും പടിഞ്ഞാറൻ രാജ്യങ്ങൾ ഒരു ഉപരോധവും ഇസ്രായേലിനുമേൽ കൊണ്ടുവന്നിട്ടില്ല എന്ന ഉദാഹരണവും റിപ്പോർട് ചൂണ്ടി കാണിക്കുന്നു.


ഇതിന് വിപരീതമായി, ക്യൂബ, വെനിസ്വേല, ഇറാൻ തുടങ്ങിയ രാജ്യങ്ങക്കെതിരെ കഠിനമായ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. അവിടത്തെ ജനങ്ങൾ ക്രമേണ മനുഷ്യാവകാശങ്ങൾ ലഭിക്കാതെ മരണത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ കഴിയുന്നു. റഷ്യക്കെതിരായ ഉപരോധവും യൂറോപ്യൻ യൂണിയൻ തുടർച്ചയായി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കയാണ്. അമേരിക്ക ഉപരോധയുദ്ധത്തെ സാമ്രാജ്യത്വ നയതന്ത്രമാക്കി കയ്യാളുന്നു.

 

"യുദ്ധം ആരോഗ്യം മാത്രമല്ല, സമൂഹത്തിന്റെ അടിസ്ഥാനം തന്നെ തകർക്കുന്നു" എന്നാണ് വിശേഷിക്കപ്പെടുന്നത്. എന്നാൽ ഉപരോധങ്ങളുടെ കാര്യത്തിൽ ഇത് യുദ്ധത്തെക്കാൾ മാരകമാണെന്ന് ലാൻസെറ്റ് റിപ്പോർട്ട് 1971 മുതലുള്ള കണക്കുകൾ നിരത്തി പറയുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home