ad
Deshabhimani

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ കടും വെട്ട്, അമേരിക്കൻ വിഹിതം കുത്തനെ കൂട്ടി

crude oil
വെബ് ഡെസ്ക്

Published on Feb 06, 2026, 04:52 PM | 2 min read

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ മൂല്യം 2.7ബില്യൺ ഡോളറായി കുറച്ചു. ഇതുപ്രകാരം ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് ഡിസംബറിൽ 24ശതമാനമായി. നേരത്തെ തന്നെ കുറവ് വരുത്തി തുടങ്ങിയിരുന്നു. എങ്കിലും ഒരു മാസം മുൻപ് വരെ ഇത് 34ശതമാനം വരെയായിരുന്നതാണ്.


കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പങ്കാണ് ഇപ്പോഴുള്ളത്. 2025ഡിസംബര്‍ ആയപ്പോൾ തന്നെ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി 38മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിച്ചു.


ഇതിന് സമാന്തരമായി, ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയിൽ അമേരിക്കയുടെ പങ്ക് ഗണ്യമായി വർധിച്ചു. 2025ഡിസംബറിൽ ഇന്ത്യ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിൽ 11ലക്ഷം ടണ്ണിലെത്തി. ഇത് 2024ഡിസംബറിനെ അപേക്ഷിച്ച് 58ശതമാനം കൂടുതലാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 31ശതമാനം വർധിപ്പിച്ചു.


oil


വ്യപാര കരാര്‍ പ്രകാരം പ്രതികാര നികുതി 18ശതമാനമായി കുറയ്ക്കുന്നതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ റഷ്യൻ എണ്ണയിൽ കുറവ് വരുത്തി തുടങ്ങിയിരുന്നു. നേരത്തെ ട്രംപ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. അവര്‍ക്ക് പെട്ടെന്ന് നടപടി സാധ്യമാവില്ല. ക്രമേണ കുറവ് വരുത്തി ഊര്‍ജ്ജ ഇറക്കുമതിയിൽ മുൻഗണന മാറ്റും എന്നായിരുന്നു വാക്കുകൾ. ഇതു പ്രകാരം ഇന്ത്യ മാറ്റം വരുത്തി എന്നാണ് കണക്കുകൾ പറയുന്നത്. ആനുപാതിമായി അമേരിക്കൻ വിഹിതം വര്‍ധിപ്പിക്കയും ചെയ്തിട്ടുണ്ട്. റഷ്യൻ എണ്ണ വിലക്കുറവിൽ ലഭിക്കുന്നു എന്നതായിരുന്നു ഇന്ത്യയുടെ ആകര്‍ഷണം.


2025ഡിസംബറിൽ ഇന്ത്യ 19രാജ്യങ്ങളിൽ നിന്നാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്. 2024ഡിസംബറിൽ ഇത് 16രാജ്യങ്ങളിലൊതുങ്ങിയിരുന്നു. നേരത്തെയുള്ള 19രാജ്യങ്ങളിൽ 10രാജ്യങ്ങളുടെ പങ്ക് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ബാസ്കറ്റിൽ വർധിച്ചപ്പോൾ,ഒൻപത് രാജ്യങ്ങളുടെ പങ്ക് കുറഞ്ഞു.


ട്രംപ് നടപ്പാക്കുന്നത് ആരുടെ കരാറാണ്


റഷ്യയുടെ പങ്ക് കുറഞ്ഞുവെങ്കിലും, ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ആവശ്യകത ഉയർന്ന നിലയിൽ തുടരുകയാണ്. അതിനാൽ തന്നെ,അമേരിക്ക,മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ,ആഫ്രിക്കൻ ഉത്പാദക രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇനിയും വർധിക്കാനുള്ള സാധ്യതയാണ് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.


വെനസ്വേല നിയന്ത്രണത്തിലാക്കി അവിടെ യു എസ് കേന്ദ്രമാക്കിയുളള കോര്‍പ്പറേറ്റ് ഭീമൻമാര്‍ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ വിപണിയായി ഇന്ത്യയെ കൊണ്ടു വരിക എന്ന ലക്ഷ്യമാണ് ട്രംപ് പരോക്ഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള കുത്തക കമ്പനികൾക്ക് വേണ്ടിയും വ്യാപാര നികുതി ഭീഷണിയെ പ്രയോജനപ്പെടുത്തുന്നു. എന്നാൽ വെനസ്വേലയിൽ പൂര്‍ണ്ണ തോതിൽ ഉത്പാദനം നടത്തുക എന്നത് ദീര്‍ഘകാല പദ്ധതിയും വെല്ലുവിളിയുമാണ്.


ട്രംപ് പരസ്യമായി പറഞ്ഞത്


“പ്രധാനമന്ത്രി മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത്,അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം ഇന്ത്യ–അമേരിക്ക വ്യാപാര കരാറിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി പരസ്പര തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു,”എന്നാണ് ട്രംപ് സാമൂഹിക മാധ്യമ പോസ്റ്റിലൂടെ അറിയിച്ചത്.


ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുക,തീരുവകളും നികുതിയേതര തടസ്സങ്ങളും ‘പൂജ്യത്തിലേക്ക്’ കുറയ്ക്കുക, 500ബില്യൺ ഡോളറിലധികം മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുക തുടങ്ങിയ വ്യവസ്ഥകൾ അംഗീകരിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഇപ്പോഴും പ്രധാനമന്തി നരേദന്ദ്ര മോദിയോ വിദേശകാര്യ മന്ത്രാലയമോ ഇതിൽ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. കരാര്‍ സംബന്ധിച്ച് സംയുക്ത പ്രസ്താവന നടത്തും എന്ന പ്രഖ്യാപനം മാത്രം നിലനിൽക്കുന്നു.


ഇന്ത്യയുടെ ഊർജ്ജ സുരക്ഷ കണക്കിലെടുത്ത് വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണു എണ്ണ വാങ്ങലെന്ന് സർക്കാർ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, 2025അവസാനത്തോടെ ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങൽ ഗണ്യമായി കുറച്ചു. 2026ജനുവരിയിൽ റിലയൻസ് ഇൻഡസ്ട്രീസ് റഷ്യൻ എണ്ണ സ്വീകരിച്ചില്ലെന്നും റിപ്പോർട്ടുകൾ വന്നു.


2019-20വരെ വെനസ്വേലയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അതിനുശേഷം അത് നിർത്തേണ്ടിവന്നു. 2023-24ൽ വീണ്ടും വെനസ്വേലയിൽനിന്ന് എണ്ണ വാങ്ങാൻ തുടങ്ങി. പക്ഷേ അമേരിക്കൻ ഉപരോധത്തെ തുടര്‍ന്ന് അത് നിര്‍ത്തി. വെനിസ്വേലയെ മാത്രമോ അമേരിക്കയെ കൂടിയോ ആശ്രയിച്ച് ഇപ്പോഴും രാജ്യത്തെ ഊര്‍ജ്ജ ആവശ്യത്തെ നേരിടാനാവില്ല എന്ന സാഹചര്യവും നിലനിൽക്കുന്നു. ഇറാനിൽ നിന്നുള്ള ഇറക്കുമതിയും അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉപരോധത്തിൻ കീഴിൽ നിശ്ചലമാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home