കീവിൽ റഷ്യൻ വ്യോമാക്രമണം: മരണസംഖ്യ 30 ആയി ഉയർന്നു, നിരവധി പേർക്ക് പരിക്ക്

റഷ്യൻ ആക്രമണത്തിൽ തകർന്ന കീവിലെ പാർപ്പിട സമുച്ചയം |Photo:Screengrab Reuters
കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ വൻ നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെയോടെ ഉണ്ടായ വ്യോമാക്രമണത്തിൽ കുട്ടികളും പാരമെഡിക്കൽ ജീവനക്കാരും അടക്കം 30 പേർ കൊല്ലപ്പെടുകയും 91 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാത്രി മുഴുവൻ തലസ്ഥാന നഗരിയെ നടുക്കി തുടർച്ചയായ സ്ഫോടനങ്ങളാണ് ഉണ്ടായത്.
റഷ്യൻ ആക്രമണത്തെത്തുടർന്ന് ആയിരക്കണക്കിന് താമസക്കാർ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും ബോംബ് ഷെൽട്ടറുകളിലും അഭയം തേടി. യുക്രെയ്ൻ വ്യോമസേനയുടെ കണക്കനുസരിച്ച് 74 മിസൈലുകളും 496 ഡ്രോണുകളുമാണ് റഷ്യ കീവിന് നേരെ പ്രയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും ബാലിസ്റ്റിക് മിസൈലുകളായിരുന്നു. പാട്രിയറ്റ് മിസൈലുകളുടെ അഭാവത്തിൽ യുക്രെയ്ൻ പ്രതിരോധ സംവിധാനങ്ങൾക്ക് പല മിസൈലുകളും തടയാനായില്ലെന്ന് വ്യോമസേനാ വക്താവ് വ്യക്തമാക്കി. ആക്രമണത്തിൽ കീവിലെ ഒമ്പത് നില പാർപ്പിട സമുച്ചയം പകുതിയോളം തകർന്നു.
കൂടാതെ യുക്രെയ്നിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോകെമിസ്ട്രിയുടെ അത്യാധുനിക ലബോറട്ടറിയും ഓഫീസുകളും പൂർണമായി കത്തി നശിച്ചു. യുക്രെയ്നിലെ സൈനിക-ഊർജ്ജ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ യുക്രെയ്ൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് ക്രെംലിൻ്റെ വിശദീകരണം.ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു.
റഷ്യൻ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ ഉക്രെയ്ൻ ആക്രമണം ശക്തമാക്കിയത് റഷ്യയിൽ കടുത്ത ഇന്ധനപ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വരെ പെട്രോൾ ഇറക്കുമതി ചെയ്യാൻ റഷ്യ നിർബന്ധിതരായതായാണ് റിപ്പോർട്ടുകൾ. മോസ്കോയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള നോവോസിബിർസ്കിൽ ഇന്ധനക്ഷാമം മൂലം അടിയന്തര വാഹനങ്ങൾക്ക് മാത്രമായി ഇന്ധന വിതരണം പരിമിതപ്പെടുത്തി.










0 comments