റഷ്യൻ ബീച്ചിൽ ഉക്രെയ്ൻ ഡ്രോൺ ആക്രമണം; മൂന്ന് കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു

റഷ്യയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൻറെ ദൃശ്യങ്ങൾ | Image Credit : X
മോസ്കോ : റഷ്യയിലെ കരിങ്കടൽ തീരത്തെ വിനോദസഞ്ചാര കേന്ദ്രത്തിൽ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു കുട്ടികളുൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ഇതിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. വേനലവധി ആഘോഷിക്കാൻ എത്തിയവർ തിങ്ങിനിറഞ്ഞ ജെലെൻസിക് റിസോർട്ടിന്റെ ഭാഗമായ ബീച്ചിലാണ് ഡ്രോൺ പതിച്ചത്.
റഷ്യ - ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യയിലെ ജനവാസ മേഖലയിൽ ഉക്രെയ്ൻ നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. റഷ്യൻ പൗരന്മാർക്കെതിരെ ഉക്രെയ്ൻ മനപൂർവം നടത്തിയ ആക്രമണമാണിതെന്ന് റഷ്യ കുറ്റപ്പെടുത്തി.
റഷ്യ യുദ്ധം നീട്ടിക്കൊണ്ടു പോകുകയാണെന്നും റഷ്യക്ക് സമാധാനമല്ലാതെ മറ്റ് മാർഗമില്ലെന്നും, അതുവരെ സൈനിക നടപടികൾ തുടരുമെന്നും ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി പറഞ്ഞതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടന്നത്.
നാറ്റോയും യൂറോപ്യൻ യൂണിയനും ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് പിന്തുടരുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ കുറ്റപ്പെടുത്തി. ഈ സഖ്യത്തിന്റെ പിന്തുണയിലാണ് റഷ്യക്കെതിരെ ഉക്രെയ്ൻ ആക്രമണം നടത്തുന്നതെന്നും, ഉക്രെയ്ൻ ഒരു അന്താരാഷ്ട്ര ഭീകര പ്രവർത്തനങ്ങളുടെ ഭാഗമായി മാറിയെന്നും അവർ ആരോപിച്ചു. ഡ്രോൺ വെടിവെച്ചിടാൻ റഷ്യൻ പ്രതിരോധ സംവിധാനങ്ങൾ ശ്രമിച്ചിരുന്നു. സമാധാന ചർച്ചകൾക്ക് തയ്യാറാകാതെ അമേരിക്കൻ താൽപര്യങ്ങൾക്ക് വഴങ്ങി യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് ഉക്രെയ്ൻ ശ്രമിക്കുന്നത്. റഷ്യൻ സേനക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം നടത്താനെന്ന പേരിലാണ് നാറ്റോ രാജ്യങ്ങൾ ഉക്രെയ്നിന് ആയുധങ്ങൾ നൽകുന്നത്.









0 comments