റഫ അതിർത്തി തുറന്നു; ഗാസ-ഈജിപ്ത് അതിർത്തിയിൽ കാത്തുനിന്ന് ആയിരങ്ങൾ; അനിശ്ചിതത്വം തുടരുന്നു

ഖാൻ യൂനിസ്: നീണ്ട കാത്തിരിപ്പിനൊടുവിൽ ഗാസയും ഈജിപ്തും തമ്മിലുള്ള റഫ അതിർത്തി തുറന്നെങ്കിലും അനിശ്ചിതത്വം ഒഴിയുന്നില്ല. അതിർത്തി വഴി ഗാസയിലേക്ക് മടങ്ങാനും ചികിത്സയ്ക്കായി പുറത്തേക്ക് പോകാനുമായി ആയിരക്കണക്കിന് പലസ്തീനികളാണ് അതിർത്തിയുടെ ഇരുവശത്തുമായി കാത്തുനിൽക്കുന്നത്.
തിങ്കളാഴ്ച മുതൽ അതിർത്തി ഭാഗികമായി തുറന്നെങ്കിലും പരിശോധനകളും സാങ്കേതിക തടസ്സങ്ങളും കാരണം യാത്രക്കാരുടെ ഒഴുക്ക് വളരെ സാവധാനത്തിലാണ്. ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് മടങ്ങിയ ആദ്യ സംഘത്തിൽ 40 പലസ്തീനികളാണ് ഉണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെ ഇവർ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ എത്തിയപ്പോൾ വൈകാരികമായ രംഗങ്ങളാണ് അരങ്ങേറിയത്. യുദ്ധം തുടങ്ങിയപ്പോൾ ചികിത്സയ്ക്കായി ഈജിപ്തിലേക്ക് പോയവരായിരുന്നു മടങ്ങിയെത്തിയവരിലേറെയും.
എന്നാൽ അതിർത്തി കടന്നെത്തിയ പലസ്തീൻ വനിതകളെ ഇസ്രായേൽ സൈന്യം മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തതായും കണ്ണുകെട്ടി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
നിലവിൽ 16 രോഗികളെയും അവരുടെ 40 സഹായികളെയും മാത്രമാണ് ഗാസയിൽ നിന്ന് ഈജിപ്തിലേക്ക് ചികിത്സയ്ക്കായി പോകാൻ അനുവദിച്ചത്. ഇത് ഗാസയുടെ നിലവിലെ ആരോഗ്യ പ്രതിസന്ധിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്ന് ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു.
രോഗികളെ ചികിത്സയ്ക്കായി പുറത്തുവിടാത്തതും മരുന്നുകൾ തടയുന്നതും അവർക്കുള്ള വധശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. 20,000-ഓളം രോഗികളാണ് അടിയന്തര ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ കാത്തിരിക്കുന്നത്.
റഫ അതിർത്തി പൂർണ്ണമായും മനുഷ്യത്വപരമായ ഒരു ഇടനാഴിയായി മാറ്റണമെന്നും കൂടുതൽ സഹായങ്ങൾ എത്തിക്കാൻ അനുവദിക്കണമെന്നും ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടു.










0 comments