ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ബേൺമൗത്തിനെ വീഴ്ത്തി ലിവർപൂളിന് ജയം

അലക്സാണ്ടർ ഇസാക് (Getty Images)
ബേൺമൗത്ത് : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺമൗത്തിനെതിരായ പോരാട്ടത്തിൽ ലിവർപൂളിന് ജയം. ഒരു ഗോളിനാണ് (1-0) ലിവർപൂൾ വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ വിജയം കണ്ടത്. മത്സരത്തിന്റെ 57-ാം മിനിറ്റിലാണ് നിർണായക ഗോൾ പിറന്നത്. കോഡി ഗാക്പോ നടത്തിയ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ബേൺമൗത്ത് പ്രതിരോധത്തിന് പിഴച്ചു.
ലിവർപൂളിന്റെ സ്വീഡിഷ് ഫോർവേഡ് താരം അലക്സാണ്ടർ ഇസാക് ക്ലോസ് റേഞ്ചിൽ നിന്നും പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ 18-ാം മിനിറ്റിൽ ബേൺമൗത്ത് താരം ഇവാ നിൽസൺ നടത്തിയ ശ്രമം ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കർ തടഞ്ഞു.
മറുഭാഗത്ത് ഫ്ലോറിയൻ വിർട്സ്, ബ്രാഡ്ലി ബാർക്കോള, ഡൊമിനിക് സൊബോസ്ലായ് എന്നിവരുടെ മികച്ച മുന്നേറ്റങ്ങൾ ഗോൾ നേടാനാകാതെ പോയതോടെ ഒന്നാം പകുതി സമനിലയിൽ കലാശിക്കുകയായിരുന്നു.
ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റോടെ ലിവർപൂൾ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള ബേൺമൗത്ത് 17-ാം സ്ഥാനത്താണ്.









0 comments