തിരുവനന്തപുരം മൃഗശാലയിൽ ഇന്ത്യൻ പാം സിവറ്റിന്റെ 185 ഗ്രാം ട്യൂമർ നീക്കം ചെയ്തു

പാം സിവറ്റ്
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ 3.6 കിലോഗ്രാം മാത്രം ഭാരമുള്ള ഇന്ത്യൻ പാം സിവറ്റിന്റെ ശരീരത്തിൽ നിന്ന് 185 ഗ്രാം ഭാരമുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു.
2024 ൽ ഷിമോഗ മൃഗശാലയിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്ന രണ്ട് ജോഡി ഇന്ത്യൻ പാം സിവറ്റുകളിൽപ്പെട്ട ആൺ മൃഗത്തിനാണ് ട്യൂമർ കണ്ടെത്തിയത്. ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷം മൃഗത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
കഴുത്തിലെ പ്രധാന രക്തക്കുഴലായ ജഗുലാർ വെയിനിന്റെ തൊട്ടടുത്തായാണ് ട്യൂമർ സ്ഥിതി ചെയ്തിരുന്നത്. അതിനാൽ രക്തക്കുഴലിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഏറെ സൂക്ഷ്മതയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്കുശേഷം തുന്നൽ പുറത്തേക്ക് കാണാത്ത രീതിയിലുള്ള തൊലിക്കടിയിലൂടെയുള്ള ഇൻട്രാഡെർമൽ സ്യൂച്ചർ രീതിയാണ് മുറിവ് അടയ്ക്കാൻ ഉപയോഗിച്ചത്. Aberdeen knotting and burying എന്നറിയപ്പെടുന്ന ഈ രീതിയിലൂടെ തുന്നൽ പൂർണ്ണമായും തൊലിക്കടിയിൽ മറഞ്ഞിരിക്കുന്നതിനാൽ വന്യമൃഗങ്ങളിൽ മുറിവിലെ തുന്നൽ കടിച്ചുപൊട്ടിക്കാനുള്ള സാധ്യത കുറയ്ക്കാനും ശസ്ത്രക്രിയാനന്തര പരിചരണം എളുപ്പമാക്കാനും സാധിക്കും. മൃഗശാല വെറ്റിനറി സർജ്ജൻ ഡോ. നികേഷ് കിരൺ, ഹൗസ് സർജ്ജൻ ഡോ. മേഘ എം കുമാർ എന്നിവരാണ് ശാസ്ത്രക്രിയ ചെയ്തത്. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ജിജോ ബി എസ്, അനിൽ കുമാർ വി, കീപ്പർ അഖിൽ സി എന്നിവരാണ് ശാസ്ത്രക്രിയാനന്തര പരിചരണം നടത്തുന്നത്.
നീക്കം ചെയ്ത ട്യൂമർ വിശദമായ ഹിസ്റ്റോപാത്തോളജി പരിശോധനയ്ക്കായി പാലോട് സ്റ്റേറ്റ് അനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ട്യൂമർ സാർകോമയാകാനുള്ള സാധ്യതയാണ് നിലവിൽ സംശയിക്കുന്നത്. പരിശോധനാഫലം ലഭിച്ചശേഷം തുടർചികിത്സയും ആവശ്യമായാൽ കീമോതെറാപ്പിയും തീരുമാനിക്കും.








0 comments