ad
Deshabhimani

മലപ്പുറം മലവെള്ളപ്പാച്ചിലില്‍ മരണം രണ്ടായി; അഞ്ചുപേരെ കാണാതായി

death malapuram
വെബ് ഡെസ്ക്

Published on Sep 20, 2026, 09:38 PM | 1 min read

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടം ടി കെ കോളനി കോട്ടപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. അഞ്ചുപേരെ കാണാതായി. വിനോദസഞ്ചാരികളും പ്രദേശവാസിയായ ഒരു സ്ത്രീയുമാണ് അപകടത്തില്‍പ്പെട്ടത്.


ഞായര്‍ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. അവധിദിനമായതിനാല്‍ നിരവധിയാളുകള്‍ പുഴയോരത്ത് സന്ദര്‍ശനത്തിനെത്തിയിരുന്നു. ഒളർവട്ടം കനാൽ മുതൽ ടി കെ കോളനി വരെ പുഴയുടെ വിവിധ ഭാഗങ്ങളിലായി ആളുകളുണ്ടായിരുന്നു. കെട്ടുങ്ങൾ, ആനക്കുണ്ട്, ബാലവാടിപ്പടി, കോയിപ്ര എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളെത്തിയത്. അവരില്‍ ചിലര്‍ പുഴയിലിറങ്ങുകയായിരുന്നു.


മലവെള്ളപ്പാച്ചിലില്‍ പുഴയിലെ വെള്ളം ഉയർന്നതോടെയാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ചിലര്‍ സമീപത്തെ മരക്കൊമ്പിലും പാറയിലും കയറി നിന്നു. ഇങ്ങനെ കയറി നിന്ന മുപ്പതോളം പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പലഭാഗത്തും ആളുകൾ രക്ഷപ്പെടാനാകാതെ ഏറെനേരം കുടുങ്ങിക്കിടന്നു. അങ്കണവാടിക്ക് സമീപത്തെ പാറയിലും മരത്തിലുമായി കയറിനിന്ന നാലുപേരെ പിന്നീട് സുരക്ഷിതമാക്കി. നിലമ്പൂരില്‍നിന്ന് അഗ്നിരക്ഷാ സംഘമെത്തിയാണ് കാണാതായവര്‍ക്കായി തെരച്ചില്‍‌ നടത്തിയത്. രാത്രിയോടെ പൊട്ടിക്കല്ല് മുട്ടിക്കുണ്ടിൽനിന്ന് അമ്പത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കിട്ടി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആന്റണിക്കാട്‌ അസംപ്‌ഷൻ സ്കൂളിന് പിൻവശത്തുള്ള പുഴയിൽനിന്ന് രണ്ടാമതൊരു പുരുഷ മൃതദേഹംകൂടി ലഭിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പ്രാദേശികമായി ലഭിച്ച വിവരമനുസരിച്ച് അഞ്ചുപേരെ കാണാതായിട്ടുണ്ട്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി റഹീം (35), കോട്ടക്കലിലെ മങ്ങാടന്‍ ബസ് ഉടമ അനസ് മങ്ങാടൻ (27), ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി സജാദ് (23), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ് (41), ടി കെ കോളനി സ്വദേശിനി സജിത എന്നിവരെയാണ് കാണാതായത്. ഫയര്‍ഫോഴ്സ്, പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേര്‍ന്ന് രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home