റേഞ്ച് റോവർ ഉടമയ്ക്ക് തിരിച്ചു നൽകിയാലും കെ എം ഷാജിയ്ക്ക് തടിയൂരുക എളുപ്പമല്ല

തിരുവനന്തപുരം: അത്യാഢംബര വാഹനമായ റേഞ്ച് റോവർ ഉടമയായ സുഹൃത്തിന് തിരിച്ചു നൽകിയെങ്കിലും മന്ത്രി കെ എം ഷാജിയ്ക്ക് ഇക്കാര്യത്തിൽ തടിയൂരുക എളുപ്പമല്ല. സ്വന്തം പദവിക്ക് നിരക്കാത്ത പ്രവൃത്തി ചെയ്ത മന്ത്രിയും വാഹനം നൽകിയ വ്യക്തിയും ഇക്കാര്യത്തിൽ വലിയ നിയമ ലംഘനമാണ് നടത്തിയിട്ടുള്ളത്. അഴിമതിയുടെ പരിധിയിൽ വരുന്ന കുറ്റങ്ങളാണ് നിയമ വിദഗ്ധർ ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്നത്.
ഒരു മന്ത്രിയ്ക്ക് സർക്കാർ വാഹനം അനുവദിക്കുകയാണ് പതിവ്. എന്നാൽ, അപേക്ഷ നൽകിയാൽ സ്വന്തം വാഹനം പകരമായി ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകാറുണ്ട്. ഇവിടെ ഷാജി സുഹൃത്തിന്റെ വാഹനമാണ് മന്ത്രിക്ക് അനുവദിച്ച നമ്പറുള്ള ബോർഡ് പതിപ്പിച്ച് ഉപയോഗിച്ചത്. സർക്കാർ അനുവദിക്കുന്ന വാഹനത്തിനു മാത്രമേ ഈ ബോർഡ് വെക്കാവൂ എന്ന് പൊതുഭരണ വകുപ്പിന്റെ ചട്ടം നിലവിലുണ്ട്. സുഹൃത്തിന്റെ വാഹനം ഉപയോഗിക്കന്നമെന്ന് ആവശ്യപ്പെട്ട് ഷാജി ഒരപേക്ഷയും നൽകിയിട്ടില്ല. എന്നാൽ, അപേക്ഷ നൽകിയെന്ന പച്ചക്കള്ളമാണ് മന്ത്രി പറഞ്ഞത്.
ഇത്തരത്തിൽ അനുമതിയില്ലാതെ മൂന്നര കോടി വിലയുള്ള ആഢംബര വാഹനം സർക്കാർ അനുമതിയില്ലാതെ ഉപയോഗിച്ചതിലൂടെ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി ഷാജി നടത്തിയിരിക്കുന്നത്. ഭരണഘടനയോട് യഥാർഥമായ വിശ്വാസവും കൂറും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് മന്ത്രി പദവിയിലെത്തിയ ഷാജി ഭരണഘടനാ വിരുദ്ധമായി സ്വകാര്യ വ്യക്തിയുടെ വാഹനം ഇഷ്ടത്തിന് ഉപയോഗിക്കുകയായിരുന്നു. അതും സമ്പന്നനായ ഒരു വിദേശ വ്യവസായിയുടെ വാഹനം. അതിലൂടെ സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായ ഒരു ബാധ്യത മന്ത്രി വരുത്തി വെച്ചിരിക്കുകയാണ്.
സർക്കാർ അനുമതിയില്ലെങ്കിൽ മന്ത്രിയ്ക്ക് വാഹനത്തിന്റെ ഇന്ധനച്ചെലവും അറ്റകുറ്റപ്പണിക്കുള്ള ചെലവും ഔദ്യോഗികമായി അനുവദിക്കില്ല. അപ്പോൾ ഈ വാഹനത്തിന്റെ പ്രസ്തുത ചെലവുകൾ എങ്ങനെ നിർവഹിക്കപ്പെട്ടു എന്നതും വിഷയമാണ്. സുഹൃത്തിൽ നിന്ന് ആ സഹായവും കൈപ്പറ്റിയോ, അതോ മന്ത്രി തന്നെ ആ ചെലവ് വഹിച്ചോ. രണ്ടായാലും വിഷയമാണ്. സുഹൃത്തിൽ നിന്ന് സഹായം ലഭിച്ചുവെങ്കിൽ അത് അധികാര ദുരുപയോഗവും അഴിമതിയുമാണ്. മൂന്ന് കിലോ മീറ്റർ മാത്രം മൈലേജുള്ള വാഹനത്തിൽ മാസം പതിനായിരത്തിലധികം കിലോമീറ്റർ ഓടുന്നതിനുള്ള ഇന്ധനച്ചെലവിനുള്ള വരുമാനം മന്ത്രിക്ക് എവിടെ നിന്നാണ് ലഭിച്ചത്. അതിന്റെ കണക്ക് ബോധ്യപ്പെടുത്തേണ്ടി വരും.
സർക്കാർ അനുമതിയില്ലാത്ത വാഹനത്തിൽ സർക്കാർ ബോർഡ് പതിപ്പിച്ചതിന് മോട്ടോർ വാഹന നിയമപ്രകാരം വ്യവസായിയും കുറ്റക്കാരനാണ്.









0 comments