പെറുവിൽ ജൻ സി പ്രക്ഷോഭം പടരുന്നു, പോരാട്ടത്തിന്റെ അടയാളമായി അനിമേഷൻ കഥാപാത്രം

ലിമ: പെറുവിയൻ പ്രസിഡന്റ് ദിന ബൊലുവാർട്ടെയുടെ സർക്കാരിനും കോൺഗ്രസിനുമെതിരെ ജെൻ സി പ്രക്ഷോഭം. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറഞ്ഞത് 19 പേർക്ക് പരിക്കേറ്റു. ലിമയിലെ നഗരമധ്യത്തിലെ സർക്കാർ സ്ഥാനങ്ങളിലേക്ക് നൂറുകണക്കിന് ആളുകൾ കനത്ത പോലീസ് കാവൽ മറികടന്ന് മാർച്ച് നടത്തി.
"അഴിമതിക്കെതിരെയും, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയും, എല്ലാ ദിവസവും നമ്മെ കൊല്ലുന്ന കുറ്റകൃത്യങ്ങൾക്കെതിരെയും ഞങ്ങൾ മാർച്ച് ചെയ്യുന്നു," എന്ന മുദ്രാവാക്യവുമായാണ് യുവാക്കൾ അണിനിരന്നത്. നൂറുകണക്കിന് ഗതാഗത തൊഴിലാളികളും ജൻ ഇസഡ് യുവജന കൂട്ടായ്മയ്ക്ക് ഒപ്പം ചേർന്നതായി വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്തു.
പ്രകടനങ്ങളിലെ ഒരു പൊതു സവിശേഷത വൈക്കോൽ തൊപ്പിയിലെ തലയോട്ടിയാണ്. ജാപ്പനീസ് മാംഗ സീരീസ് "വൺ പീസ്" ലെ നിധി വേട്ടക്കാരായ കടൽക്കൊള്ളക്കാരുടെ വേഷമാണിത്. ഇതിലെ ലഫ്ഫി എന്ന നായകന്റെ ചിത്രമാണ് പ്രക്ഷോഭകർ ഉപയോഗിച്ചത്. തന്റെ സിഗ്നേച്ചർ ആയ സ്ട്രോ തൊപ്പിക്കും ഇലാസ്റ്റിക് കൈകാലുകൾക്കും പേരുകേട്ട ലഫ്ഫി എന്ത് അപകടമുണ്ടായാലും എപ്പോഴും ശുഭാപ്തിവിശ്വാസിയായി പോരാട്ട രംഗത്ത് തുടരുന്നു.

പെറുവിലെ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയുടെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 27 ശതമാനം 18 നും 29 നും ഇടയിൽ പ്രായമുള്ളവരാണ്. ഉത്തരവാദിത്തവും സുതാര്യതയും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പ്രസിഡന്റ് ദിന ബൊലുവാർട്ടെയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു.
"ലഫ്ഫി സ്ഥലങ്ങൾതോറും പോയി ജനങ്ങളെ അഴിമതിക്കാരും സ്വേച്ഛാധിപതികളുമായ ഭരണാധികാരികളിൽ നിന്നും മോചിപ്പിക്കുന്നു. പെറുവിലും സ്ഥിതി ഇതുതന്നെയാണ്. ഞങ്ങൾ ഇനി മൗനം പാലിക്കില്ല." വിദ്യാർത്ഥി നേതാവായ ലിയോനാർഡോ മുൻയോസ് പറഞ്ഞു,
പെറുവിൽ പുതിയ തലമുറയെ അനിശ്ചിതത്വത്തിലാക്കി ജോലി അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും നിലനിൽക്കുന്നു. ഇതിനിടെ യുവാക്കൾ സ്വകാര്യ പെൻഷൻ ഫണ്ടുകളിൽ ചേരണമെന്ന് സെപ്റ്റംബർ 5 ന് ബൊളുവാർട്ടെ സർക്കാർ നിയമം പാസാക്കി. 18 വയസ്സിന് മുകളിലുള്ള എല്ലാ പെറുവിയക്കാരും ഒരു പെൻഷൻ ദാതാവിൽ ചേരണമെന്ന് നിർബന്ധമാക്കിയായിരുന്നു രാജ്യത്തെ പെൻഷൻ സമ്പ്രദായത്തിലെ പരിഷ്കാരണം.

സെപ്റ്റംബർ 20 ന് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അന്ന് തലസ്ഥാനത്ത് നടന്ന പ്രകടനങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചതിനെ തുടർന്ന് ഒരു ഡസനിലധികം പോലീസ് ഉദ്യോഗസ്ഥർക്കും പ്രതിഷേധക്കാർക്കും പത്രപ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
ഒരാഴ്ച കഴിഞ്ഞാണ് ശനിയാഴ്ച പെറുവിലെ യുവാക്കൾ പ്രസിഡന്റ് ദിന ബൊലുവാർട്ടെയ്‌ക്കെതിരെ മറ്റൊരു റൗണ്ട് പ്രതിഷേധത്തിനായി അണിനിരക്കുന്നത്. സംഘടിത കുറ്റകൃത്യ ഗ്രൂപ്പുകളുടെ കൊള്ളയും കൊലപാതകങ്ങളും നിയന്ത്രിക്കാനാവാതെ തുടരുന്ന സാഹചര്യവും പ്രകോപനമായി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെറുവിയൻ സ്റ്റഡീസിന്റെ ജൂലൈയിലെ റിപ്പോർട്ട് അനുസരിച്ച്, ബൊലുവാർട്ടെയുടെ അംഗീകാര റേറ്റിംഗ് 2.5% ആയി കുറഞ്ഞു, അതേസമയം പാർലമെന്ററി വിശ്വാസ്യത വെറും 3% മാത്രമാണ്. ദിന ബൊലുവാർട്ടെയുടെ സർക്കാരിന്റെ കാലാവധി 2026 ജൂലായിൽ അവസാനിക്കാനിരിക്കയാണ്.
ലോകത്തിലെ മൂന്നാമത്തെ വലിയ ചെമ്പ് ഉൽപ്പാദക രാജ്യവും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പ്രധാന ഉൽപ്പാദക രാജ്യവുമാണ് പെറു. പക്ഷെ പുതു തലമുറ തൊഴിലില്ലായ്മ അനുഭവിക്കുന്നു. പ്രക്ഷോഭങ്ങൾ കാരണം പ്രധാനപ്പെട്ട ഖനികളും അടച്ചിട്ടതയാണ് റിപ്പോർടുകൾ.

മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ നീക്കിയാണ് 2022 ൽ ബൊലുവാർട്ടെ അധികാരമേറ്റത്. മുൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തനെതിരായ പ്രക്ഷോഭത്തിൽ നിരവധി യവാക്കൾ കൊല്ലപ്പെട്ടിരുന്നു.









0 comments