"കൊല്ലുക മാത്രമാണ് ഞങ്ങളുടെ ജോലി"; കൂട്ടക്കൊലയിൽ ആനന്ദിച്ച് സുഡാനിലെ ആർഎസ്എഫ്

എൽ ഫാഷറില്‍ നിന്ന് പലായനം ചെയ്തവര്‍ | Photo: AFP
ഖാർതും: രൂക്ഷമായ ആഭ്യന്തരകലാപത്തിന്റെ കെടുതിയിലാണ് സുഡാൻ ജനത. കൂട്ടക്കൊലപാതകങ്ങളും ബലാത്സംഗവും പിടിച്ചുപറിയും എല്ലാം കൺമുന്നിൽ നിസ്സഹായതയോടെ നോക്കിനിൽക്കാനെ സാധിക്കുന്നുള്ളൂ.
എൽ ഫാഷർ മേഖലയിൽ മാത്രം ഒരുമാസത്തിനുള്ളിൽ വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ്) കൊലപ്പെടുത്തിയത് രണ്ടായിരത്തിലധികംപേരെയാണ്. നേരത്തെ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന എൽ ഫാഷർ ആർഎസ്‌എഫ് പിടിച്ചെടുത്തതോടെയാണ് ആക്രമണം വർധിച്ചത്. ഏറ്റുമുട്ടലുകളിൽ രണ്ട് വർഷത്തിനിടെ ഒന്നരലക്ഷത്തോളം പേർ മരണപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിരായുധരായ മനുഷ്യരെ ആർഎസ്എഫ് സംഘം കൊലപ്പെടുത്തുന്നതും കൂട്ടക്കൊലകൾ ആസ്വദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോകൾ ബിബിസി പുറത്തുവിട്ടു. അബു ലാലു എന്നറിയപ്പെടുന്ന ആർഎസ്എഫ് കമാൻഡർ കുട്ടികൾ ഉൾപ്പെടെ നിരവധിപരെ കൊല്ലാൻ തൻ്റെ ആളുകൾക്ക് ഉത്തരവ് നൽകിയെന്ന് ഒരു ദൃക്‌സാക്ഷി ബിബിസിയോട് വെളിപ്പെടുത്തി. പരിക്കേറ്റ ഒരാളെ കൊല്ലാൻ അബു ലാലു തയ്യാറെടുക്കുമ്പോൾ മറ്റൊരു ആർഎസ്എഫ് കമാൻഡർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 'എനിക്ക് ഒരു ദയയുമില്ല, കൊല്ലുക മാത്രമാണ് ഞങ്ങളുടെ ജോലി' എന്നാണ് അബു ലാലു മറുപടി പറഞ്ഞത്. കൂട്ടക്കൊലയ്ക്ക് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹങ്ങൾ അതേ സ്ഥലത്ത് കിടക്കുകയായിരുന്നുവെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
കൊലപാതകത്തിൽ പങ്കെടുത്തവരിൽ പലരും ആർഎസ്എഫ് ബാഡ്ജുകൾ ധരിച്ചിരുന്നു. പിന്നീട് ഈ കൂട്ടക്കൊല “വംശഹത്യ” എന്നു വിളിച്ച് ആർഎസ്എഫുകാർ ആഘോഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ആർഎസ്‌എഫ് സംഘം നഗരം ആക്രമിച്ചശേഷം കൂട്ട വധശിക്ഷകളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തതായി യുഎൻ അഭയാർഥി ഏജൻസിയും വെളിപ്പെടുത്തി.
ജീവിക്കാൻ ഗതിയില്ലാതെ എൽ -ഫാഷറിൽനിന്ന് 60,000-ത്തിലധികം പേർ ഇതിനകം പലായനം ചെയ്തുവെന്നാണ് കണക്കുകൾ. എൽ- ഫാഷറിന് പടിഞ്ഞാറ് 80 കിലോമീറ്റർ അകലെയുള്ള താവില പട്ടണത്തിലേക്കാണ് ജനങ്ങൾ പലായനം ചെയ്യുന്നത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള അതിക്രമങ്ങളുടെ ഭയാനക വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടികൾ കടുത്ത പോഷകാഹാരക്കുറവും അനുഭവിക്കുന്നുണ്ട്.
മുൻപ് സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്നു ആർഎസ്എഫ്. സുഡാൻ സൈന്യവുമായുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ട 2023 ഏപ്രിൽമാസം മുതൽക്കേ, അറബ് ഇതര ഗോത്രവിഭാഗങ്ങളെ ആർഎസ്എഫും അവരുടെ അറബ് കൂട്ടാളികളും ലക്ഷ്യംവെക്കുന്നതായുള്ള ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത് നിഷേധിക്കുന്ന നിലപാടായിരുന്നു ആർഎസ്എഫിന്റേത്. എൽ ഫാഷർ ആർഎസ്എഫിന്റെ പിടിയിലായതിന് പിന്നാലെ അറബ് ഇതര വിഭാഗക്കാർ ഉൾപ്പെടെയുള്ള രണ്ടരലക്ഷത്തിലധികം ആളുകൾ നഗരത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയും മറ്റ് സന്നദ്ധ സംഘടനകളും വിലയിരുത്തുന്നത്. ആശയവിനിമയ സംവിധാനങ്ങൾ റദ്ദാക്കിയതും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള യാഥാർഥ്യം അറിയുന്നതിന് തടസ്സമായിട്ടുണ്ട്.
സൈന്യവും ആർഎസ്‌എഫും ഏറ്റുമുട്ടൽ ആരംഭിച്ചതോടെ 2023 ഏപ്രിലിലാണ് സുഡാൻ ആഭ്യന്തരയുദ്ധത്തിലേക്ക് വീണത്. രാജ്യത്തുടനീളം പതിനായിരങ്ങൾ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയെന്ന് യുഎൻ വിശേഷിപ്പിച്ച സംഘർഷത്തിൽ ഏകദേശം 1.2 കോടിപേർ പലായനം ചെയ്തു.








0 comments