ദക്ഷിണ കൊറിയൻ ഫാക്ടറിയിൽ തീപിടിത്തം: 10 പേർ കൊല്ലപ്പെട്ടു

സോൾ: ദക്ഷിണ കൊറിയൻ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടു. 59 പേർക്ക് പരിക്കേൽക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തെന്ന് ഉദ്യോഗസഥർ അറിയിച്ചു. മധ്യ നഗരമായ ഡെയ്ജിയോണിലെ ഓട്ടോ പാർട്സ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സ്ഫോടനത്തെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഫാക്ടറിയിൽ നിന്ന് ദക്ഷിണ കൊറിയൻ രക്ഷാപ്രവർത്തകർ 10 മൃതദേഹങ്ങൾ കണ്ടെടുത്തു.
25 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ആഭ്യന്തര, സുരക്ഷാ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തമുണ്ടായത്. തുടർന്ന് തീ നിയന്ത്രിക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും 500ലധികം അഗ്നിശമന സേനാംഗങ്ങളെയും പൊലീസിനെയും അടിയന്തര ജീവനക്കാരെയും വിന്യസിച്ചു. വിമാനം ഉൾപ്പെടെ ഏകദേശം 120 വാഹനങ്ങളും നൂറുകണക്കിന് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തുന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.18 ഓടെയാണ് തീപിടിത്തം ഉണ്ടായത്. സ്ഫോടനം നടന്നതായും തീ അതിവേഗം പടർന്നതായും ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തീപിടിത്തത്തെത്തുടർന്ന് ഫാക്ടറി കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. സംഭവസ്ഥലത്തു നിന്നുള്ള വീഡിയോകളും ഫോട്ടോകളും പുറത്തുവന്നു.
സമുച്ചയത്തിൽ നിന്ന് കട്ടിയുള്ള ചാരനിറത്തിലുള്ള പുക ഉയരുന്നതും ചില തൊഴിലാളികൾ കെട്ടിടത്തിൽ നിന്ന് ചാടുന്നതും ദൃശ്യങ്ങളിൽ കാണാം. തീ അണയ്ക്കാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും എല്ലാ ഉദ്യോഗസ്ഥരും സന്നാഹങ്ങളും രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ലീ ജെയ് മ്യുങ് നിർദ്ദേശിച്ചു.









0 comments